
കൊച്ചി ● യേശുക്രിസ്തുവിൻ്റെ രക്ഷാകരമായ പുനരുത്ഥാനത്തിന്റെ സ്മരണയിൽ ദൈവാലയങ്ങളിൽ ഉയിർപ്പിൻ്റെ പ്രത്യേക ശുശ്രൂഷകളും വിശുദ്ധ കുർബ്ബാനയും നടന്നു.
പിറവം രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്കും, വിശുദ്ധ കുർബ്ബാനയ്ക്കും കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ചരിത്ര പ്രസിദ്ധമായ പൈതൽ നേർച്ച ചടങ്ങുകൾ അഭിവന്ദ്യ പിതാവ് ആശിർവദിച്ചു.
ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്കും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്കും അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
മാൾട്ട സെൻ്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്ന ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്കും വിശുദ്ധ കുർബ്ബാനയ്ക്കും അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു.
കുവൈറ്റ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ ഉയിർപ്പ് പെരുന്നാളിൻ്റെ ശുശ്രൂഷകൾ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.








