
ദമാസ്കസ് ● യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മപുതുക്കി രക്ഷാകരമായ ഉയിർപ്പ് പെരുന്നാൾ ആഘോഷിച്ചു. ദമാസ്കസിലെ ബാബ് തൂമയിലെ സെന്റ് ജോർജ് പാത്രിയാർക്കൽ കത്തീഡ്രലിൽ നടന്ന ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ പ്രധാന കാർമികത്വം വഹിച്ചു.
പാത്രിയാർക്കൽ അസിസ്റ്റന്റ് മോർ ജോസഫ് ബാലി മെത്രാപ്പോലീത്ത, യുവജനകാര്യങ്ങൾക്കും ക്രിസ്ത്യൻ വിദ്യാഭ്യാസത്തിനുമുള്ള പാത്രിയാർക്കൽ വികാരി മോർ ആൻഡ്രാവോസ് ബാഹി മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വം വഹിച്ചു. അനേകം വൈദികരും വിശ്വസികളും സംബന്ധിച്ചു. തുടർന്ന് പരിശുദ്ധ ബാവ ഈസ്റ്റർ സന്ദേശം നൽകി.
ഈ വർഷം ജൂലിയൻ
കലണ്ടർ പ്രകാരവും ഗ്രിഗോറിയൻ കലണ്ടർ പ്രകാരവും ഈസ്റ്റർ വന്നത് ഒരേ തീയതിയിൽ ആയിരുന്നു. ഒരു നൂറ്റാണ്ടിൽ ഇപ്രകാരം ശരാശരി 21 പ്രാവശ്യം മാത്രമേ അങ്ങനെ വരുകയുള്ളൂ. ഇനി 2028 യിലാണ് ഈ പ്രതിഭാസം ആവർത്തിക്കുക. ഇതുകാരണം കാത്തോലിക്കാ സഭയും ഓർത്തഡോക്സ് സഭകളും ഒരേ ദിവസംതന്നെ വിശുദ്ധവാരവും ഈസ്റ്ററും ആഘോഷിച്ചു. മുൻവർഷങ്ങളിൽ ഒരാഴ്ച്ച വ്യത്യാസത്തിനായിരുന്നു വിശുദ്ധവാരം ആചരിച്ചിരുന്നത്.
റോമൻ കത്തോലിക്കാ സഭ പിന്തുടരുന്ന ഗ്രിഗോറിയൻ കലണ്ടർ പ്രകാരമാണു കേരളത്തിൽ ക്രൈസ്തവ വിശേഷ ദിവസങ്ങൾ ആചരിച്ചുവരുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് കത്തോലിക്ക സഭയും യാക്കോബായ സഭയും വ്യത്യസ്ത ദിവസമാണു വിശേഷദിവസങ്ങൾ ആചരിച്ചുവന്നത്. പിന്നീട് രണ്ടു ദിവസവും അവധി നൽകൽ അപ്രായോഗികമെന്ന് സർക്കാർ അറിയിച്ചതോടെ ഒരുദിവസം തീരുമാനിക്കുകയായിരുന്നു.
ഈ വർഷം യഹൂദ പെസഹായും ക്രൈസ്തവ സഭാ പെസഹാ പൗർണ്ണമിയും ജ്യോതിശാസ്ത്രപ്രകാരമായുള്ള പൗർണ്ണമിയും കഴിഞ്ഞ 13 നായിരുന്നു. ഇനി 2045 നാണു ഈ പ്രതിഭാസം ആവർത്തിക്കുക.
ഈ വർഷം ക്രൈസ്തവ സഭാ പെസഹാ പൗർണ്ണമി ഒരു ഞായറാഴ്ചയായിരുന്നു. അങ്ങനെ വന്നാൽ ഈസ്റ്റർ പിറ്റേ ഞായറാഴ്ചയെ നടത്താവു എന്നാണ് എ.ഡി. 325 ലെ നിഖ്യാ സുന്നഹദോസ് തീരുമാനം. ഇനി 2038 ലാണ് ഇതാവർത്തിക്കുക.







