
പുത്തൻകുരിശ് ● ആഗോള കത്തോലിക്ക സഭയുടെ തലവനായ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാട് ക്രൈസ്തവ സഭകൾക്കും പൊതു സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശ വാഹകനായിരുന്ന അദ്ദേഹം നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ ആത്മീയ ആചാര്യനായിരുന്നു.
സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി നിന്നു കൊണ്ട് മനുഷ്യഹൃദയങ്ങളിൽ സ്ഥാനം പിടിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു. 12 വര്‍ഷക്കാലം കത്തോലിക്ക സഭയുടെ മാര്‍പാപ്പയായിരുന്നു കൊണ്ട് ശുശ്രൂഷയുടെ പുതിയ ശൈലി തുറന്ന് ഹൃദയം കൊണ്ട് അദ്ദേഹം ലോകത്തെ കീഴടക്കി. തന്റെ ശുശ്രൂഷാ കാലഘട്ടം യുദ്ധക്കെടുതിയില്‍പ്പെട്ടവരോടും, അഗതികളോടും, അഭയാര്‍ത്ഥികളോടും, പാവപ്പെട്ടവരോടും ദൈവസ്നേഹത്തില്‍ ചേർന്നു നിന്നു കൊണ്ട് മനുഷ്യത്വത്തിൻ്റെയും മാനവികതയുടെയും പ്രവാചക ദൗത്യം അദ്ദേഹം സമൂഹത്തിന് പകർന്നു നൽകി. ആഗോള സമാധാനത്തിനും പ്രകൃതിയുടെ സംരക്ഷണത്തിനും മാർപാപ്പയ്ക്കു എടുത്ത നിലപാടുകള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചു.
സുറിയാനി ഓർത്തഡോക്സ് സഭയെ ഏറെ സ്നേഹിക്കുകയും കരുതുകയും ചെയ്തിരുന്ന അദ്ദേഹം 2015 ൽ പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായോട് കൂടെ ഒരുമിച്ചുള്ള സന്ദർശന വേളയിൽ നൽകിയ ആതിഥേയത്വവും സ്നേഹവും ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു.
പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിലൂടെ ആഗോള കത്തോലിക്ക സഭയ്ക്കും, ലോകജനതയ്ക്കും ഉണ്ടായിട്ടുളള വലിയ ദുഃഖത്തില്‍ യാക്കോബായ സുറിയാനി സഭ പങ്ക് ചേരുന്നു. കത്തോലിക്ക സഭയോട് വിനയപൂര്‍വ്വം അനുശോചനം അറിയിക്കുന്നതിനോടൊപ്പം പരിശുദ്ധന്മാരുടെ സവിധം ചേര്‍ന്ന് തുടര്‍ന്നും സഭയ്ക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയും അദ്ദേഹം മദ്ധ്യസ്ഥത വഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
ശ്രേഷ്ഠ കാതോലിക്ക ബാവായുടെ കല്പനയനുസരിച്ച് യാക്കോബായ സുറിയാനി സഭ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാ സെൻ്റർ
21/04/2025
