
രാജകുമാരി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി ഭദ്രാസനം ഹൈറേഞ്ച് മേഖലയുടെ ആഭിമുഖ്യത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഹൃദ്യമായ സ്വീകരണം നൽകി.
മേഖലാ ആസ്ഥാനമായ അടിമാലി മൗണ്ട് സെഹിയോൻ അരമന പള്ളിയിൽ ഹൃദ്യമായ സ്വീകരണവും പൊതു സമ്മേളനവും നടന്നു. രാജകുമാരി സെൻ്റ് ജോൺസ് പള്ളിയിലും പള്ളിയുടെ കീഴിൽ ടൗണിലെ സെൻ്റ് ഗ്രിഗോറിയോസ് കുരിശിൻ തൊട്ടിയിലും തുടർന്ന് മോർ ബസ്സേലിയോസ് ചാപ്പലിലും സ്നേഹനിർഭരമായ സ്വീകരണം ശ്രേഷ്ഠ ബാവായ്ക്ക് നൽകി.
മുരിക്കുംതൊട്ടി സെന്റ് ജോർജ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു വരുന്ന പെരുന്നാളിനോടനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക് പ്രൗഡ ഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. തുടർന്ന് അനുമോദന സമ്മേളനം നടന്നു.
ഹൈറേഞ്ചിന്റെ കവാടമായ വാളറ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിയിലും രാജകീയ സ്വീകരണം നൽകി. രാജക്കാട് പഴയവിടുതി സെൻ്റ് മേരീസ് പള്ളിയുടെ മോർ ബസ്സേലിയോസ് ചാപ്പലിൻ്റെ നേതൃത്വത്തിലും പതിനാലാം മൈൽ മോർ ഇഗ്നാത്തിയോസ് നൂറോനോ പള്ളിയിൽ സൺഡേ സ്കൂൾ കുട്ടികളുടെ സ്നേഹ നിർഭരമായ സ്വീകരണവും ശ്രേഷ്ഠ ബാവായ്ക്ക് ലഭിച്ചു.
സ്വീകരണ ചടങ്ങുകൾക്കും പൊതു സമ്മേളനത്തിനും ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. ഹൈറേഞ്ച് മേഖലയിലെ വൈദികരും ഭാരവാഹികളും അനേകം വിശ്വാസികളും പങ്കെടുത്തു.












