
പുത്തൻകുരിശ് ● ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണം ഹൃദയഭേദകവും അങ്ങേയറ്റം അപലപനീയമാണെന്നും രാജ്യം ഒരുമിച്ചു നിന്ന് ഇത്തരം വെല്ലുവിളികളെ നേരിടണമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. രാജ്യത്തിൻ്റെ അഖണ്ഡതയെയും ഐക്യത്തെയും സമാധാനത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം അക്രമ സംഭവങ്ങളെ ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ല.
നിരപരാധികളായ മനുഷ്യരെ കുരുതി കൊടുത്ത് നടത്തുന്ന ഇത്തരം അക്രമങ്ങൾ മനുഷ്യത്വത്തിന് തന്നെ തീരാ കളങ്കമാണ്. ഏറെക്കാലം അശാന്തമായിരുന്ന കാശ്മീർ താഴ്വര അടുത്ത കുറച്ചു നാളുകളായി സമാധാനത്തിൻ്റെ പാതയിലായിരുന്നു. ഇപ്പോൾ വീണ്ടും ഭീകരാക്രമണമുണ്ടായിരിക്കുന്നുവെന്നത് ഉത്കണ്ഠയുളവാക്കുന്നു. വിദേശികളടക്കം നിരപരാധികളായ ടൂറിസ്റ്റുകൾ ആക്രമിക്കപ്പെട്ടുവെന്നതും രാജ്യത്തിൻ്റെ അന്തസ്സിനും സുരക്ഷിതത്വത്തിനും ഭീകരാക്രമണം കളങ്കമുണ്ടാക്കിയെന്നതും തീർത്തും നിർഭാഗ്യകരവും വേദനാജനകവുമാണ്.
രാജ്യത്തിൻ്റെ സുരക്ഷ പരമ പ്രധാനമായിക്കണ്ട് കേന്ദ്രസർക്കാർ ശക്തമായ നടപടികളെടുക്കേണ്ട സമയമാണിത്. അതിർത്തി കടന്നുള്ള ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടേണ്ട സാഹചര്യമാണിതെന്നും ശ്രേഷ്ഠ ബാവ കൂട്ടിച്ചേർത്തു.
ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രിയ സഹോദരങ്ങൾക്ക് പ്രാർത്ഥനയോടെ ആദരാഞ്ജലികൾ നേരുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ പറഞ്ഞു.

