
അങ്കമാലി ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അങ്കമാലി മേഖലയുടെ നേതൃത്വത്തിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് ഇന്ന് (ഏപ്രിൽ 25 വെള്ളി) വൈകിട്ട് 5 മണിക്ക് അങ്കമാലി സെൻ്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറൊ കത്തീഡ്രലിൽ സ്വീകരണം നൽകും.
അങ്കമാലി ബാങ്ക് ജംഗ്ഷനിൽ നിന്ന് ശ്രേഷ്ഠ ബാവായെ പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കും. മേഖലയിലെ 45 ഓളം പള്ളികളിൽ നിന്നുള്ള വിശ്വാസികൾ സ്വീകരണത്തിലും അനുമോദന സമ്മേളനത്തിലും പങ്കെടുക്കും.
അങ്കമാലി മേഖല സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടക്കുന്ന അനുമോദന സമ്മേളനം അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മെത്രാപ്പോലീത്തമാർ, രാഷ്ട്രീയ – സാംസ്ക്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.
സ്വീകരണത്തിന്റെയും അനുമോദന സമ്മേളനത്തിന്റെയും തത്സമയ സംപ്രേഷണം യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ കാണാവുന്നതാണ്.
