പുത്തൻകുരിശ് ● ”ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ അനുവദിക്ക; അവരെ തടയരുത്; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ” (മത്തായി 19:14) എന്ന ദൈവവചനം അന്വർത്ഥമാക്കികൊണ്ട്
നിറപുഞ്ചിരിയുമായി കുട്ടികളെ എന്നും ചേർത്തു പിടിക്കുകയും സ്നേഹ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുകയും ചെയ്തിരുന്ന തങ്ങളുടെ ഓമന ആബൂന് ശിശു ദിനമായ നവംബർ 14 ന് ആഘോഷങ്ങളില്ലാതെ സ്‌നേഹ പൂക്കളുമായി കുട്ടികളെത്തി. പുത്തൻകുരിശ് സെൻ്റ് അത്തനേഷ്യസ് കത്തീഡ്രലിൽ തങ്ങളുടെ പ്രിയപ്പെട്ട ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥനകളോടെ കുട്ടികൾ പുഷ്പങ്ങൾ സമർപ്പിച്ചു. ശ്രേഷ്ഠ ബാവായുടെ നാമത്തിൽ പ്രവർത്തിക്കുന്ന പുത്തന്‍കുരിശ് ബി.ടി.സി പബ്‌ളിക് സ്‌കൂളിലെ 1000 ൽപരം വിദ്യാർത്ഥികളാണ് അധ്യാപകർക്കൊപ്പം ശ്രേഷ്ഠ ബാവായുടെ കബറിങ്കല്‍ വന്ന് പ്രാർത്ഥനാഞ്ജലികൾ സമർപ്പിച്ചത്
പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിങ്കൽ നടന്ന ഉച്ച നമസ്ക്കാര പ്രാർത്ഥനയിൽ പങ്കു ചേർന്നാണ് കുട്ടികൾ മടങ്ങിയത്. കൊല്ലം ഭദ്രാസനാധിപൻ അഭി. മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, മൂവാറ്റുപുഴ മേഖലാധിപൻ അഭി. ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സഭാ ഭാരവാഹികൾ, വൈദികർ, വിശ്വാസികൾ എന്നിവർ സന്നിഹിതരായിരുന്നു.