പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 18-ാം ഓര്‍മ്മദിനമായ ഇന്ന് നവംബർ 17 ഞായറാഴ്ച പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 7 മണിക്ക് ആരംഭിച്ച
വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിൽ അനേകായിരം വിശ്വാസികൾ കൊണ്ട് ദൈവാലയവും പരിസരവും നിറഞ്ഞു. പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോര്‍ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും പൗരസ്ത്യ സുവിശേഷ സമാജം അതിഭദ്രാസനത്തിലെ അഭിവന്ദ്യ മോർ ക്രിസോസ്റ്റമോസ് മർക്കോസ് മെത്രാപ്പോലീത്ത, ഹൈറേഞ്ച് മേഖലാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത എന്നിവർ സഹ കാർമികത്വവും വഹിച്ചു. തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥന നടന്നു.
തുടര്‍ന്ന് 9.30 മണി മുതല്‍ കോതമംഗലം സെൻ്റ് മേരീസ് കോൺവെൻ്റിലെ സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ പകൽ ധ്യാനവും പ്രാര്‍ത്ഥനയും അനുസ്മരണവും നടത്തപ്പെട്ടു. ഉച്ചയക്ക് 12.00 മണിയ്ക്ക് ഉച്ചനമസ്‌ക്കാരം നടന്നു.
വൈകീട്ട് 6.00 മണിയ്ക്ക് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കി. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഈവാനിയോസ് മാത്യൂസ്, മോര്‍ അഫ്രേം മാത്യൂസ്, ഡോ. മോര്‍ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്താമാരും, വൈദീകരും, നിരവധി വിശ്വാസികളും സംബന്ധിച്ചു.