ശ്രേഷ്ഠ ഓർമ്മകളുടെ 30-ാം ദിനത്തിലേക്ക്; ശ്രേഷ്ഠ ബാവയുടെ 30-ാം ഓർമ്മ ദിനം നവംബർ 29 വെള്ളിയാഴ്ച

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ പുണ്യശ്ലോകനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 30-ാം ഓര്‍മ്മദിനം നവംബര്‍ 29 വെള്ളിയാഴ്ച പരിശുദ്ധ സഭയുടെ എല്ലാ ദൈവാലയങ്ങളിലും ആചരിക്കും. രാവിലെ വിശുദ്ധ കുര്‍ബ്ബാനയും, അനുസ്മരണ പ്രാര്‍ത്ഥനയും, നേര്‍ച്ച വിളമ്പും നടത്തപ്പെടും.

അന്നേദിവസം ശ്രേഷ്ഠ ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 5.45 ന് പ്രഭാതനമസ്ക്കാരവും 6.30 ന് വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും കബറിങ്കല്‍ പ്രത്യേക ധൂപ പ്രാര്‍ത്ഥനയും, നേര്‍ച്ച വിളമ്പും നടത്തപ്പെടും. വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഒസ്താത്തിയോസ് ഐസക്, ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത എന്നിവർ സഹകാർമികത്വവും വഹിക്കും.

ഡിസംബര്‍ 8-ാം തീയതി ഞായറാഴ്ച വൈകീട്ട് വിവിധ മേഖലകളിലെ പള്ളികളില്‍ നിന്നും വിശ്വാസികള്‍ തീര്‍ത്ഥയാത്രയായി ശ്രേഷ്ഠ ബാവായുടെ കബറിങ്കല്‍ എത്തിച്ചേരും. തുടര്‍ന്ന് വൈകീട്ട് 6 ന് സന്ധ്യാപ്രാര്‍ത്ഥന നടത്തപ്പെടും.

ശ്രേഷ്ഠ ബാവായുടെ 40-ാം അടിയന്തിര ദിനമായ ഡിസംബര്‍ 9-ാം തീയതി തിങ്കളാഴ്ച പരിശുദ്ധ സഭയുടെ നേതൃത്വത്തില്‍ പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ രാവിലെ 8.30 ന് ആരംഭിക്കുന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മുഖ്യ കാര്‍മികത്വം വഹിക്കും. വി കുര്‍ബ്ബാനയ്ക്കും, അനുസ്മരണ സമ്മേളനത്തിനും, ശേഷം എത്തിച്ചേരുന്ന എല്ലാ വിശ്വാസകള്‍ക്കും അടിയന്തിരത്തോടുബന്ധിച്ച് സദ്യ ക്രമീകരിക്കും. മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ 40-ാം അടിയന്തിര ക്രമീകരണങ്ങള്‍ക്കായി വേണ്ട പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

ജീവിച്ചിരുന്നപ്പോഴുള്ള മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയെക്കാൾ ശക്തനാണ് കാലം ചെയ്ത മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായെന്ന് ഈ ദീപ്തമായ ഓർമ്മ നാളുകൾ സാക്ഷ്യപ്പെടുത്തുന്നു. ഓർമ്മ ദിവസങ്ങളിൽ നടന്ന വി. കുർബ്ബാനയിലും കബറിങ്കലെ പ്രാർത്ഥനകളിലും സന്ധ്യാപ്രാർത്ഥനകളിലും വിവിധയിടങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികളാണ് സംബന്ധിച്ച് അനുഗ്രഹീതരാകുന്നത്. ഓരോ വിശ്വാസിയുടേയും ഹൃദയത്തിൽ ശ്രേഷ്ഠ ബാവാ തിരുമേനിയുടെ സ്ഥാനം എത്ര വലുതാണെന്നും ബാവായുടെ സ്നേഹ സ്മരണകൾ ജീവിക്കുന്നുവെന്നും ദിനംപ്രതി വർദ്ധിച്ചു വരുന്ന വിശ്വാസികളുടെ എണ്ണം തെളിയിക്കുന്നു.

  • Related Posts

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…

    അഖില മലങ്കര ആരാധന ഗീത മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ ഫെബ്രുവരി 16 ന്

    പെരുമ്പള്ളി ● ‘മലങ്കരയുടെ മണിനാദം’ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് തിരുമേനി രചിച്ച ഗാനങ്ങളുടെ ശ്രുതി മധുരമായ ആലാപന മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ അഖില മലങ്കര തലത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച…