കുറ്റ ● അങ്കമാലി ഭദ്രാസനത്തിലെ കുറ്റ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള മോർ കൂറിലോസ് സൺഡേ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ‘തൈബൂസൊ’ ഡിസംബർ 13 വെള്ളി വൈകിട്ട് പള്ളിയങ്കണത്തിൽ നടക്കും.
വൈകിട്ട് 4.00 മണിക്ക് പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ നിന്നും ദീപശിഖ പ്രയാണം ആരംഭിക്കും. വൈകിട്ട് 6 മണിക്ക് പൊതു സമ്മേളനം നടക്കും. അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം ഗോവ ഗവർണ്ണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം നിർവ്വഹിക്കും.
മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്ക്കോപ്പല് സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര് ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. സ്മരണിക പ്രകാശനം അഡ്വ. പി. വി. ശ്രീനിജിൻ എം.എൽ.എ യും കലണ്ടർ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടനും ചടങ്ങിൽ നിർവ്വഹിക്കും. തുടർന്ന് ബൈബിൾ കലാ സന്ധ്യ ഉണ്ടാകും.
മലങ്കര മെത്രാപ്പോലീത്തായും പരി. പാത്രിയർക്കീസ് ഇഗ്നാത്തിയോസ് സഖാ പ്രഥമൻ ബാവ 2008-ൽ വിശുദ്ധനായി പ്രഖ്യാപിച്ച കൊച്ചുപറമ്പിൽ പൗലോസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത റമ്പാൻ ആയിരുന്ന കാലത്ത് കുറ്റയിൽ വന്ന് താമസിച്ച് ആരംഭിച്ച വേദപഠന ക്ലാസ് 1924-ൽ സൺഡേസ്കൂൾ ആയി രൂപാന്തരപ്പെടുകയായിരുന്നു. കുറ്റ മോർ കൂറിലോസ് സൺഡേ സ്കൂൾ ഇടവകക്കും ദേശത്തിനും അഭിമാനമായി അറിവിന്റെയും ആത്മീയതയുടെയും നിറകുടമായി 100 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു.
വികാരി ഫാ. സി.കെ. തോമസ് ചെമ്പോത്തുംകുടി, ട്രസ്റ്റിമാരായ എൽദോസ് മാത്യു കോച്ചാട്ട്, എൽദോ മാത്യു പറപ്പിള്ളിക്കുഴിയിൽ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററും ജനറൽ കൺവീനറുമായ ഷെവ. കെ.പി കുര്യാക്കോസ് എന്നിവർ ശതാബ്ദി സമ്മേളനത്തിന് നേതൃത്വം നൽകും. ശതാബ്ദി ആഘോഷ സമ്മേളനം യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.