പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ 35-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന് തുടക്കം കുറിച്ചു കൊണ്ട് മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്ക്കോപ്പല് സുന്നഹദോസ് പ്രസിഡന്റും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര് ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പതാക ഉയർത്തി.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച പതാകഘോഷയാത്ര പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിച്ചേർന്നപ്പോൾ, അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പ്രാർത്ഥന നടത്തി. തുടർന്ന് സുവിശേഷ നഗരിയിൽ പതാക ഉയർത്തി.
സുവിശേഷ സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്ത, സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോർജ് കട്ടച്ചിറ, സഭ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, പുത്തൻകുരിശ് വ്യാപാര വ്യവസായി പ്രസിഡന്റ് റെജി കെ. പോൾ എന്നിവർ പ്രസംഗിച്ചു. സുവിശേഷ സംഘം ഭാരവാഹികളായ വൈസ് പ്രസിഡന്റ് വന്ദ്യ ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ, ജനറൽ സെക്രട്ടറി വന്ദ്യ ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, സെക്രട്ടറി ഷെവ. മോൻസി വാവച്ചൻ, ട്രഷറർ ഷെവ. തോമസ് കണ്ണടിയിൽ, വൈദികർ, സഭാ വർക്കിംഗ് കമ്മറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും വിശ്വാസികളും ചടങ്ങിൽ സംബന്ധിച്ചു.
പുത്തൻകുരിശ് പാത്രിയർക്ക സെന്ററിൽ ഡിസംബർ 26 മുതൽ 31 വരെയാണ് അഖില മലങ്കര സുവിശേഷ മഹായോഗം. “ന്യായം വെള്ളം പോലെയും, നീതി വറ്റാത്ത തോട് പോലെയും കവിഞ്ഞ് ഒഴുകുന്നു” (ആമോസ് 5:24) എന്നതാണ് ഈ വർഷത്തെ ചിന്താ വിഷയം.