![](https://www.jscnews.in/wp-content/uploads/2024/12/img_2087-2-1.jpg)
പുത്തൻകുരിശ് ● മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും അതുല്യ പ്രതിഭയായ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുശോചിച്ചു.
മാനവികതയുടെയും മനുഷ്യ സ്നേഹത്തിന്റെയും സന്ദേശം കഥകളിലൂടെയും നോവലുകളിലൂടെയും ലേഖനങ്ങളിലൂടെയും മനുഷ്യ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിച്ച സാഹിത്യകാരനായിരുന്നു എം.ടി യെന്ന് മലങ്കര മെത്രാപ്പോലീത്ത അനുസ്മരിച്ചു. മലയാളത്തെ വിശ്വസാഹിത്യത്തിലേക്ക് ഉയർത്തിയ പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭാ സമ്പന്നനായിരുന്നു അദ്ദേഹം.
മലയാള തനിമയും നന്മയും ഒട്ടും ചോർന്നു പോകാതെ അക്ഷരങ്ങളിലൂടെ പകർന്ന് നൽകിയ എം.ടിയുടെ സൃഷ്ടികൾ മലയാളത്തിന്റെ പുണ്യമായിരുന്നു. തലമുറകളെ പ്രചോദിപ്പിക്കുകയും, മലയാള സംസ്കാരത്തിന്റെയും ജീവിതത്തിന്റെയും ആഴങ്ങൾ വരച്ചുകാട്ടുകയും ചെയ്ത എം.ടി യുടെ സൃഷ്‌ടികൾ എക്കാലവും മലയാളികളുടെയും സാഹിത്യപ്രേമികളുടെയും മനസ്സുകളിൽ നിലനിൽക്കും.
അദ്ദേഹത്തിന്റെ നിര്യാണം മലയാള സാഹിത്യ ലോകത്തിനും സിനിമയ്ക്കും സാംസ്കാരിക രംഗത്തിനും തീരാനഷ്ടമാണ്. അനേകം ജീവിതങ്ങളെ സ്പർശിക്കുകയും കാലഘട്ടത്തെ മാറ്റിമറിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ അനശ്വരമായ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും.
എം.ടി.യുടെ ശ്രേഷ്ഠമായ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും വേർപാടിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ആത്മാവിന് നിത്യശാന്തി നേർന്ന് പ്രാർത്ഥിക്കുന്നുവെന്നും അഭി. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.
![](https://www.jscnews.in/wp-content/uploads/2024/12/img_2086-1-791x1024.jpg)