പുത്തൻകുരിശ് ● ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രിയും സാമ്പത്തികശാസ്ത്ര വിദഗ്ദ്ധനും ആയിരുന്ന ഡോ. മൻമോഹൻ സിങിന്റെ വേർപാടിൽ യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭി. ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുശോചിച്ചു.
സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ ഇന്ത്യയെ ഔന്നത്യത്തിലേക്ക് നയിച്ച ക്രാന്തദർശിയായ പ്രധാനമന്ത്രിയെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് മലങ്കര മെത്രാപ്പോലീത്ത അനുസ്മരിച്ചു. ശ്രേഷ്ഠമായ വിവേകത്തോടെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് അദ്ദേഹം ഇന്ത്യയെ നയിച്ചു. വലിയ പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യയെ ലോകത്തിനു മുന്നിൽ തല ഉയർത്തി നിർത്തിയ പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സൗമ്യമുഖമായിരുന്ന അദ്ദേഹത്തിന്റെ കർമ്മനിരതയും വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നവീകരിക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയ ഡോ. മൻമോഹൻ സിങിന്റെ വിയോഗത്തോടെ ഇന്ത്യക്ക് നഷ്ടമായത് വീക്ഷണശാലിയായ ഒരു രാഷ്ട്രതന്ത്രജ്ഞനെയാണ്. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന് അഭി. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.