പുത്തന്കുരിശ് ● നിരന്തരമായ ആത്മീയ ആരാധനയാണ് മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നതെന്ന് മുംബൈ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടക്കുന്ന 35-ാമത് അഖില മലങ്കര സുവിശേഷമഹായോഗത്തിന്റെ നാലാം ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. ഹൃദയത്തിൽ നാം ആരാധന കാത്തു സൂക്ഷിക്കുമ്പോൾ നമ്മിൽ ദയയും കരുണയും മാനുഷിക പരിഗണനകളും ഉണ്ടാകുന്നു. ആരാധന ജീവിതത്തിൽ ആത്മാർത്ഥതയില്ലാത്തതാണ് ജീവിതത്തിൽ പ്രതിസന്ധിക്ക് കാരണം. സ്വന്തം ജീവിതത്തിൽ ദുഃഖങ്ങളും സന്തോഷങ്ങളും ഉണ്ടാകുമ്പോൾ നാം ദൈവത്തോട് ചേർന്നു നിൽക്കുമ്പോഴാണ് സ്ഥായിയായ ദൈവ ചിന്ത ഉണ്ടാകൂ എന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
മുൻ കാലങ്ങളിൽ ആരാധന ദൈവസന്നിധിയിൽ സ്വീകാര്യമായിരുന്നു. ഇന്ന് ജീവിതത്തിൽ പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടെങ്കിൽ ആരാധനക്ക് ശോഷണം ഉണ്ടെന്നാണ് അർത്ഥം. ഇന്ന് ദൈവ വചനം കേൾക്കാൻ താൽപര്യമില്ലാത്ത ജനവിഭാഗമായി മാറിയതായും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. എത്ര പേർ ദൈവാലയങ്ങളിലെ ആരാധനയിൽ പങ്കെടുക്കുന്നുണ്ടെന്ന് സ്വയം ചിന്തിക്കേണ്ട കാലഘട്ടമാണിത്.
സമ്പന്നതയുടെ പിന്നാലെ പോകുന്നതിനോടാണ് എല്ലാവർക്കും താല്പര്യം. ആരാധനാ ജീവിതം പുതുക്കി യേശുക്രിസ്തുവിലേക്ക് മടങ്ങി വരണമെന്നും മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു.
ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ മുഖ്യ സന്ദേശം നൽകി. ഫാ. തോമസ് ബാബു കൊച്ചുപറമ്പിൽ സമർപ്പണ പ്രാർത്ഥന നടത്തി. സുവിശേഷ സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ എന്നിവർ പ്രസംഗിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഈവാനിയോസ് മാത്യൂസ്, ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ അഫ്രേം മാത്യൂസ്, സഭാ സെക്രട്ടറി ജേക്കബ്ബ് സി. മാത്യു എന്നിവർ സംബന്ധിച്ചു. സുവിശേഷ സംഘം ചിന്താവിഷയം അടിസ്ഥാനമാക്കി സണ്ടേസ്കൂൾ തലത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
സന്ധ്യാപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ ‘കേനോറൊ’ ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. “ന്യായം വെള്ളം പോലെയും, നീതി വറ്റാത്ത തോട് പോലെയും കവിഞ്ഞ് ഒഴുകുന്നു” (ആമോസ് 5:24) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
അഞ്ചാം ദിവസമായ ഇന്ന് ഡിസംബർ 30 തിങ്കൾ ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെ വി. മദ്ബഹാ ശുശ്രൂഷകരുടേയും ജെ.എസ്.സി മിഷൻ, ഏലിയാസ് നാമധാരികളുടെ സംഗമവും നടക്കും. വൈകിട്ട് 5.30 ന് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് നടക്കുന്ന സുവിശേഷ യോഗത്തിൽ ഇ.സി വർഗീസ് കോർ എപ്പിസ്കോപ്പ ആമുഖ സന്ദേശവും മാർത്തോമാ സഭയിലെ ഫാ. എം.സി. സാമുവേൽ മുഖ്യ സന്ദേശവും നൽകും. ഡിസംബർ 31 ന് സുവിശേഷ യോഗം സമാപിക്കും.