പുത്തന്‍കുരിശ് ● യേശുക്രിസ്തുവിന്റെ ജീവിത മാതൃക പിന്തുടർന്ന് നീതിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നവരായി ക്രൈസ്‌തവർ മാറണമെന്ന് കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടക്കുന്ന 35-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ അഞ്ചാം ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത.
സഹിഷ്ണുത ഉള്ളവരായി മാറാൻ സാധിക്കണം. വിശ്വാസത്തിൽ ഉറച്ച് നിന്നാൽ നീതിയുടെ സന്ദേശം പാലിക്കപ്പെടുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ആത്മാവ് ശരീരത്തിന്റെ ഉള്ളിലെന്നതുപോലെ ക്രൈസ്തവന്റെ ഉള്ളിലായിരിക്കണം ക്രിസ്തീയ വിശ്വാസ പ്രമാണങ്ങൾ. കഷ്ടപ്പെടുന്നവരോട് സഹാനുഭൂതി പ്രകടിപ്പിക്കുകയാണ് ക്രൈസ്തവ ധർമ്മം. ആർഭാടത്തിന്റെയും ധൂർത്തിന്റെയും കാലഘട്ടത്തിൽ ധനവിനിയോഗത്തിൽ നീതി ആവശ്യമാണെന്നും മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത ഓർമ്മപ്പെടുത്തി.
മാർത്തോമ്മാ സഭയിലെ ഫാ. എം.സി. സാമുവേൽ മുഖ്യ സന്ദേശം നൽകി. മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സുവിശേഷ സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ, വൈസ് പ്രസിഡന്റ് ഇ.സി. വർഗീസ് കോർ എപ്പിസ്കോപ്പ എന്നിവർ പ്രസംഗിച്ചു.
അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ സേവേറിയോസ് എബ്രാഹാം, മോർ ഈവാനിയോസ് മാത്യൂസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നിവർ സംബന്ധിച്ചു. സന്ധ്യാപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ ‘കേനോറൊ’ ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. “ന്യായം വെള്ളം പോലെയും, നീതി വറ്റാത്ത തോട് പോലെയും കവിഞ്ഞ് ഒഴുകുന്നു” (ആമോസ് 5:24) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം.
സമാപന ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മുതൽ 4.30 വരെ പൗരസ്ത്യ സുവിശേഷ സമാജം സംഗമം നടക്കും.
വൈകിട്ട് 5.30 ന് സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത ആമുഖ സന്ദേശവും വന്ദ്യ പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ മുഖ്യ സന്ദേശവും നൽകും. മൂവാറ്റുപുഴ മേഖലയിലെ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സമാപന സന്ദേശവും വന്ദ്യ ഗബ്രിയേൽ റമ്പാൻ പുതുവത്സര സന്ദേശവും നൽകും. തുടർന്ന് പുതുവത്സരത്തോടനുബന്ധിച്ച് വിശുദ്ധ കുർബ്ബാനയോടെ അഖില മലങ്കര സുവിശേഷ മഹായോഗം സമാപിക്കും.