ദൈവത്തിന്റെ നീതി അനുരഞ്ജനമാണ് : അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത

പുത്തന്‍കുരിശ് ● ദൈവത്തിന്റെ നീതി അനുരഞ്ജനമാണെന്നും ദൈവം തരുന്ന നീതിബോധം മനുഷ്യജീവിതം ക്രമപ്പെടുത്തുമെന്നും മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആഭിമുഖ്യത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടക്കുന്ന 35-ാമത് അഖില മലങ്കര സുവിശേഷ മഹായോഗത്തിന്റെ സമാപന ദിവസം ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. നീതിയുടെ പൂർണത ക്രൂശിലെ സ്നേഹത്തിലാണെന്നും, നാം ഓരോരുത്തരും ക്രൂശിന്റെ ഉല്പന്നങ്ങളാണ്.

നീതിബോധമില്ലാത്ത എന്തും ദുരന്തമാണ്. നീതിബോധത്തോടെ ജീവിക്കുവാൻ മനുഷ്യൻ ആത്മീയചിന്തയിലൂടെ ദൈവത്തിൽ അനുരഞ്ജനപ്പെടണം. വേദപുസ്‌തകം പഠിപ്പിക്കുന്നത് അനുരഞ്ജനത്തിന്റെ നീതിയാണെന്നും മെത്രാപ്പോലീത്ത വിശ്വാസികളെ ഓർമ്മിപ്പിച്ചു. ആത്മീയ നീതി മനുഷ്യനിൽ നന്മ വളർത്തുമ്പോൾ അത് സമൂഹത്തിന് പ്രയോജനകരമാക്കണമെന്നും പാവങ്ങളെ സഹായിക്കാൻ മനസ്സുണ്ടാകണമെന്നും എങ്കിൽ നീതിമാന്മാരുടെ കൂടാരത്തിൽ രക്ഷയുണ്ടാകുമെന്നും മെത്രാപ്പോലീത്ത വിശ്വാസ സമൂഹത്തെ ആഹ്വാനം ചെയ്തു.

വന്ദ്യ പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകി. സുവിശേഷ സംഘം പ്രസിഡന്റ് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്ത, ജനറൽ സെക്രട്ടറി ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ എന്നിവർ പ്രസംഗിച്ചു.

അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഐറേനിയോസ് പൗലോസ്, മോർ യൂലിയോസ് ഏലിയാസ് എന്നിവരും സഭാ ട്രസ്റ്റി കമാണ്ടർ തമ്പു ജോർജ് തുകലൻ, സെക്രട്ടറി ജേക്കബ് സി. മാത്യു, സുവിശേഷസംഘം ഭാരവാഹികളായ മോൻസി വാവച്ചൻ, തോമസ് കെന്നഡി എന്നിവരും സംബന്ധിച്ചു. സന്ധ്യാപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ യാക്കോബായ സുറിയാനി സഭയുടെ ‘കേനോറൊ’ ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. “ന്യായം വെള്ളം പോലെയും, നീതി വറ്റാത്ത തോട് പോലെയും കവിഞ്ഞ് ഒഴുകുന്നു” (ആമോസ് 5:24) എന്നതായിരുന്നു ഈ വർഷത്തെ ചിന്താവിഷയം.

വന്ദ്യ ഗബ്രിയേൽ റമ്പാൻ പുതുവത്സര സന്ദേശം നൽകി. തുടർന്ന് പുതുവത്സരത്തോടനുബന്ധിച്ച് വിശുദ്ധ കുർബ്ബാന, ആശീർവാദം, സ്നേഹ വിരുന്ന് എന്നിവയോടെ 35-ാമത്അഖില മലങ്കര സുവിശേഷ മഹായോഗം ഭക്തിസാന്ദ്രമായി സമാപിച്ചു.

  • Related Posts

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…

    അഖില മലങ്കര ആരാധന ഗീത മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ ഫെബ്രുവരി 16 ന്

    പെരുമ്പള്ളി ● ‘മലങ്കരയുടെ മണിനാദം’ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് തിരുമേനി രചിച്ച ഗാനങ്ങളുടെ ശ്രുതി മധുരമായ ആലാപന മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ അഖില മലങ്കര തലത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച…