കുമരകം ● കോട്ടയം ഭദ്രാസനത്തിലെ കുമരകം സെന്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയിൽ 171-ാമത് പ്രധാനപ്പെരുന്നാൾ ആരംഭിച്ചു. പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 1 ബുധനാഴ്ച കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്ക്കോപ്പല് സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോര് തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി. പെരുന്നാൾ ദിവസങ്ങളിൽ വിശുദ്ധ കുർബ്ബാന, സന്ധ്യാപ്രാർത്ഥന തുടർന്ന് സുവിശേഷ മഹായോഗം എന്നിവ നടത്തപ്പെട്ടു. ജനുവരി 5 ഞായറാഴ്ച ഇടവക ദിനത്തോട് അനുബന്ധിച്ച് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
പെരുന്നാൾ ദിവസമായ ജനുവരി 6 തിങ്കൾ രാവിലെ 7 മണിക്ക് പ്രഭാത നമസ്ക്കാരവും തുടർന്ന് 8 മണിക്ക് അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും ദനഹാ ശുശ്രൂഷയും നടക്കും. വൈകിട്ട് 5:30 ന് കായൽ തീരത്തെ സെന്റ് മേരീസ് കുരിശുപള്ളിയിൽ സന്ധ്യാനമസ്കാരവും തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണവും ആശീർവാദവും ഉണ്ടാകും.
പ്രധാനപ്പെരുന്നാൾ ദിനമായ ജനുവരി 7 ചൊവ്വ രാവിലെ 7:30 ന് പ്രഭാത നമസ്കാരവും തുടർന്ന് 8:30 ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര് ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും നടക്കും. തുടർന്ന് മലങ്കര മെത്രാപ്പോലീത്തായെ അനുമോദിച്ചു കൊണ്ട് യോഗം നടക്കും. എം.ഐ.എ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട 28-ാമത് മോർ ബസേലിയോസ് പൗലോസ് ദ്വിതീയൻ മെമ്മോറിയൽ അഖില മലങ്കര ക്വിസ് മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ നിർവ്വഹിക്കും. നേർച്ച വിളമ്പ്, പ്രദക്ഷിണം, ആശീർവാദം എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
വികാരി ഫാ. വിജി കുരുവിള എടാട്ട്, സഹവികാരി ഫാ. എബിൻ ജോർജ്ജ് നീലിമംഗലം ട്രസ്റ്റി ഷിൻസ് മാത്യു മേലേക്കര പുത്തൻപുര, സെക്രട്ടറി അഡ്വ. അലൻ കുര്യാക്കോസ് മാത്യു തൈത്തറ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകും. യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ പെരുന്നാൾ ശുശ്രൂഷകൾ തൽസമയ സംപ്രേഷണം ചെയ്യും.