പുത്തന്കുരിശ് ● യാക്കോബായ സുറിയാനി സഭ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ജനുവരി 11, 12 (ശനി, ഞായർ) തീയതികളിൽ ഭക്ത്യാദര പൂർവ്വം കൊണ്ടാടും. പരിശുദ്ധന്റെ നാമത്തിലുള്ള പ്രഥമ ദൈവാലയം കൂടിയാണിത്.
പെരുന്നാൾ ദിവസമായ ജനുവരി 11 ശനി രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാന, തുടർന്ന് 8 മണിക്ക് കൊടി ഉയർത്തൽ എന്നിവ നടക്കും. വൈകിട്ട് 6 മണിക്ക് നടക്കുന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര് ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. തുടർന്ന് പരിശുദ്ധന്റെ തിരുശേഷിപ്പ് പേടകത്തിൽ ധൂപപ്രാർത്ഥനയും, പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിങ്കൾ ധൂപപ്രാർത്ഥനയും നടക്കും. ശേഷം പ്രദക്ഷിണം, ആശീർവാദം, നേർച്ചസദ്യ എന്നിവ ഉണ്ടാകും.
പ്രധാനപ്പെരുന്നാൾ ദിവസമായ ജനുവരി 12 ഞായർ രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥന, 7.45 ന് അഭിവന്ദ്യ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. തുടർന്ന് വിശ്വാസികൾക്ക് വണങ്ങുന്നതിനായി
പരിശുദ്ധന്റെ തിരുശേഷിപ്പ് പേടകത്തിൽ നിന്നും പ്രാർത്ഥനാപൂർവ്വം പുറത്തിറക്കും. പ്രദക്ഷിണം, ആശീർവാദം, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും. പെരുന്നാൾ ചടങ്ങുകൾക്ക് വികാരി ഫാ. അജീഷ് മാത്യു നേതൃത്വം നൽകും.