![](https://www.jscnews.in/wp-content/uploads/2025/01/photo-output-1-4.jpg)
പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര് ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു.
പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍ തുടരുകയാണ്. പരിശുദ്ധ സഭയ്ക്ക് നിര്‍ണ്ണായകമായിരിക്കുന്ന കേസുകള്‍ 2025 ജനുവരി 29, 30 തീയതികളില്‍ വച്ചിരുന്നത് നേരത്തേയാക്കി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് ജനുവരി 15, 16 തീയതികളില്‍ തുടര്‍ വാദങ്ങൾക്കായി വന്നിരിക്കുന്നയാണ്.
ഈ പ്രത്യേക സാഹചര്യത്തിൽ പരി. സഭയിലെ വൈദീകര്‍, സന്യസ്ഥര്‍, ഭക്ത സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ZOOM പ്ലാറ്റ് ഫോമിലൂടെ 48 മണിക്കൂര്‍ നീണ്ട അഖണ്ഡ പ്രാര്‍ത്ഥന നടത്തേണ്ടതാണ്. 2025 ജനുവരി 14-ാം തീയതി വൈകിട്ട് 6 മണി മുതല്‍ ജനുവരി 16-ാം തീയതി സന്ധ്യവരെയാണ് പ്രാര്‍ത്ഥനാസമയം. അതുകൂടാതെ പരി. സഭയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളിലും, സത്യ വിശ്വാസത്തില്‍ നമ്മെ നിലനിര്‍ത്തിയ പുണ്യ പിതാക്കന്മാര് കബറടങ്ങിയിരിക്കുന്ന ദൈവാലയങ്ങളിലും വൈദീകരുടെയും, ഭക്ത സംഘടനാ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ വിശ്വാസികള്‍ ഒരുമിച്ച് 2025 ജനുവരി 15-ാം തീയതി ബുധനാഴ്ച രാവിലെ 10.00 മണി മുതല്‍ ഉച്ചയ്ക്ക് 12.00 മണി വരെയുള്ള സമയം പരിശുദ്ധ സഭയില്‍ ശാശ്വത സമാധാനവും അനുഗ്രഹവും ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന് അഭിവന്ദ്യ മോര് ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു.
![](https://www.jscnews.in/wp-content/uploads/2025/01/img_2672-1-791x1024.jpg)