മലയാറ്റൂർ ● പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അങ്കമാലി ഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത സ്ഥാനം നൽകി ആദരിച്ച സഭയുടെ സീനിയർ മെത്രാപ്പോലീത്ത കൂടിയായ അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയ്ക്ക് സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാർ പ്രാർത്ഥനാശംസകൾ നേർന്നു.
അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയുടെ ഗാർഡിയൻ ഏയ്ഞ്ചൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലയാറ്റൂർ ഇല്ലിത്തോടിൽ പുതിയതായി ആരംഭം കുറിച്ച ‘സെന്റ് ഇഗ്നേഷ്യസ് ഹെർമിറ്റ്സ്’ സന്ദർശിച്ചാണ് അഭിവന്ദ്യ മെത്രാപ്പോലീത്തമാർ ആശംസകൾ നേർന്നത്.
പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ തേവോദോസിയോസ് മാത്യൂസ്, മോർ അഫ്രേം മാത്യൂസ്, മോർ യൗസേബിയോസ് കുര്യാക്കോസ്, ഡോ. മോർ കൂറിലോസ് ഗീവർഗീസ്, മോർ ക്ലീമിസ് കുര്യാക്കോസ്, മോർ പീലക്സിനോസ് സഖറിയാസ്, മോർ ഒസ്താത്തിയോസ് ഐസക്, മോർ യൂലിയോസ് ഏലിയാസ്, മോർ അലക്സന്ത്രയോസ് തോമസ്, ഡോ. മോർ അന്തിമോസ് മാത്യൂസ്, മോർ തീമോത്തിയോസ് മാത്യൂസ് എന്നിവരാണ് അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്തായെ സെന്റ് ഇഗ്നേഷ്യസ് ഹെർമിറ്റ്സിൽ സന്ദർശിച്ച് ആശംസകൾ അറിയിച്ചത്.
‘സെന്റ് ഇഗ്നേഷ്യസ് ഹെർമിറ്റ്സ്’ – പ്രാർത്ഥനാ നിർഭരമായ ഏകാന്ത വാസം
തിരക്കേറിയ ജീവിതത്തിനിടെ ശാന്തപ്രകൃതിയിൽ ലയിച്ചു ധ്യാനത്തിലും ഉപവാസത്തിലും കഴിയുക ആരും കൊതിക്കുന്ന സ്വപ്നാനുഭവമാണ്. അത്തരത്തിലുള്ള ഒന്നാണ് മലയാറ്റൂരിനടുത്ത് ഇല്ലിത്തോടിലെ ‘സെന്റ് ഇഗ്നേഷ്യസ് ഹെർമിറ്റ്സ്’. പൂർണ്ണസമയമോ സൗകര്യപ്രദമായ ഇടവേളകളിലോ പ്രാർത്ഥനാപൂർവം സമയം ചിലവിടാനുള്ള ഏകാന്തവാസികൾക്കുള്ള പ്രാർത്ഥനാലയമാണിത് (ഈഹിദോയെ). സ്വയം പ്രാർത്ഥനയിലും ഉപവാസത്തിലും അധിഷ്ഠിധമായ, മാനസാന്തരത്തിന്റെ അനുഭവത്തിൽ ദൈവത്തോട് ചേർന്നുള്ള ജീവിതസാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണു ഈ ആശ്രമം (ഹെർമിറ്റേജ്) ഒരുക്കിയത്.
സുറിയാനി സഭാപാരമ്പര്യത്തിൽ പൗരസ്ത്യ രാജ്യങ്ങളിൽ ഇപ്പോഴും ഈ സമ്പ്രദായം പ്രാബല്യത്തിലുണ്ടെങ്കിലും മലങ്കരയിൽ പ്രചാരം സിദ്ധിച്ചിട്ടില്ല. അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലുള്ള ഗാർഡിയൻ ഏയ്ഞ്ചൽ കെയർ ചാരിറ്റബിൾ സൊസൈറ്റിയാണു പദ്ധതി നടപ്പാക്കിയത്. വിവിധ ധർമ്മ സ്ഥാപനങ്ങളും കർമ്മപദ്ധതികളും ആവിഷ്ക്കരിച്ചു നടത്തുന്ന സ്ഥാപനമാണു അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ ഗാർഡിയൻ ഏയ്ഞ്ചൽ കെയർ ചാരിറ്റബിൾ സൊസൈറ്റി.
മരുഭൂമിയിലോ മലമുകളിലോ ഒറ്റപ്പെട്ട മറ്റിടങ്ങളിലോ വിശുദ്ധവും ലളിതവുമായ ഏകാന്തജീവിതം നയിക്കുന്നവരാണു ഹെർമിറ്റ്സ് അഥവാ എറമൈറ്റ്സ്. അതിശക്തമായ പീഢനങ്ങളും പ്രലോഭനങ്ങളും അതിജീവിച്ചു നാലാം നൂറ്റാണ്ടിൽ ജീവിച്ച വിശുദ്ധ അന്തോണിയോസാണ് അവരിൽ പ്രമുഖൻ.
മലയാറ്റൂരിനടുത്തു പ്രകൃതിരമണീയമായ ഇല്ലിത്തോട് വനാന്തർഭാഗത്താണു ഹെർമിറ്റേജ്. മനോഹരമായ മലമടക്കുകളും വൃക്ഷനിബിഡമായ വനപ്രദേശവും ഒപ്പം ശാന്തമായി ഒഴുകുന്ന പെരിയാറും ശുദ്ധവായു സഞ്ചാരവുമുള്ള ഇവിടം ഏകാന്തവാസികൾക്കു പ്രിയപ്പെട്ടതാക്കും. സമുദ്രനിരപ്പിൽ നിന്നും 1250 അടി ഉയരത്തിൽ ശാന്തസുന്ദരമായ അഞ്ചേക്കറിലാണു ആശ്രമം സ്ഥിതി ചെയ്യുന്നത്. പൂർണ്ണ സമയം ഏകാന്തതയിൽ ദൈവ സംസർഗത്തിൽ ഒരാൾക്കു തനിച്ചോ കുടുംബമായോ മിതമായ സൗകര്യത്തോടെ കഴിയാനുള്ള ഇടമാണിത്.
സുറിയാനി പാരമ്പര്യത്തിൽ ദയറാ വാസികൾ, മറ്റു ആളുകളിൽ നിന്നകന്ന് മലമുകളിലും, ഗുഹകളിലും ഇരുന്നു ഏകാന്തമായി പ്രാർത്ഥിക്കുന്ന രീതി പഴയകാലം മുതൽ ഇന്നുവരെയും ഉണ്ട്. അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം വലിയ മെത്രാപ്പോലീത്തയുടെ ദീർഘവീക്ഷണത്തിൽ ഈ ആശയം ആദ്യമായി മലങ്കരയിൽ നടപ്പാകുമ്പോൾ വരുന്ന തലമുറയ്ക്ക് പ്രാർത്ഥനയുടെ പാഠങ്ങൾ ഉൾക്കൊണ്ട് ആത്മീയതയുടെ പുതിയ വെളിച്ചം തേടാൻ ഈ പദ്ധതി ഉപകരിക്കും എന്നുള്ളതിൽ സംശയമില്ല. മോർ തോമാശ്ലീഹയുടെ പാദം പതിഞ്ഞ പുണ്യ സ്ഥലം കൂടിയാണിത്. അതിനോട് ചേർന്നുള്ള മലയാണ് ഇപ്പോൾ ഹെർമിറ്റസ്നായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നത് അനുഗ്രഹീതമാണ്.