കാരിക്കോട് ● കണ്ടനാട് ഭദ്രാസനത്തിലെ കാരിക്കോട് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയും പ്രഥമ ബലിയർപ്പണവും പരിശുദ്ധന്മാരുടെ തിരുശേഷിപ്പ് സ്ഥാപനവും സെപ്റ്റംബർ 13, 14 (വെള്ളി, ശനി) തീയതികളിൽ നടക്കും. നീതിരഹിതമായ കോടതി വിധിയുടെ മറവിൽ ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗം കൈയേറിയ പഴയ പള്ളിക്ക് സമീപം ആണ് വിശ്വാസികളുടെ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും അനേകരുടെ പിന്തുണയോടെയും പുതിയ ദൈവാലയം പണികഴിപ്പിച്ചിരിക്കുന്നത്.
സെപ്റ്റംബർ 13 വൈകിട്ട് 4.30 മണിക്ക് അഭിവന്ദ്യ പിതാക്കൻമാർക്ക് സ്വീകരണവും തുടർന്ന് കാരിക്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും പരിശുദ്ധ പിതാക്കന്മാരുടെ തിരുശേഷിപ്പ് വഹിച്ചു കൊണ്ടു വാഹനങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്ക് എത്തിച്ചേരും. തുടർന്ന് സന്ധ്യാപ്രാർത്ഥനയും വിശുദ്ധ മൂറോൻ അഭിഷേക കൂദാശയും നടക്കും. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലാധിപൻ അഭിവന്ദ്യ മോർ അപ്രേം മാത്യൂസ് മെത്രാപ്പോലീത്ത, കോതമംഗലം മേഖലാധിപൻ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്തഎന്നീ പിതാക്കൻമാർ ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും.
സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 7.30 നു പ്രഭാത നമസ്കാരവും 8.30 മണിക്ക് അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ അന്തോണിയോസ് യാക്കോബ് മെത്രാപ്പോലീത്ത, മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനയും അർപ്പിക്കപ്പെടും. തുടർന്ന് അനുമോദനവും ആശിർവാദവും നേർച്ച സദ്യയും നടത്തപ്പെടും.
യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ ശുശ്രൂഷകൾ തൽസമയ സംപ്രേഷണം ചെയ്യും.