
മണീട് ● കണ്ടനാട് ഭദ്രാസനത്തിലെ നെച്ചൂർ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി വിശുദ്ധ മൂന്നു നോമ്പ് പെരുന്നാളിന് ഡൽഹി, യു.എ.ഇ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. വികാരി ഫാ. ജിബു ചെറിയാൻ കൊച്ചുപുത്തൻപുരയിൽ, സഹവികാരി ഫാ. ജിനോ ജോണി പാറശ്ശേരിൽ, പെരുന്നാൾ കമ്മറ്റി കൺവീനർ സോജൻ പി. അബ്രഹാം, സെക്രട്ടറി സിജു പൗലോസ്, ട്രസ്റ്റി ബിനോ സി. ബേബി, സെക്രട്ടറി രാജു വാരുകുന്നേൽ, ജോ. ട്രസ്റ്റി ഷിബു കൊടക്കത്താനം, ജോ.സെക്രട്ടറി സാജു കുറുമ്പലക്കാട്ട് എന്നിവരും വിശ്വാസികളും സംബന്ധിച്ചു.
നാലുദിവസത്തെ ചടങ്ങുകൾ ഫെബ്രുവരി 12 ന് സമാപിക്കും. ഞായറാഴ്ച വൈകിട്ട് സന്ധ്യാപ്രാർത്ഥനയും തുടർന്ന് ഫാ. ജ്യോതിസ് പോത്താറ നേതൃത്വം നൽകിയ വചന ശുശ്രൂഷയും നടന്നു. ഫെബ്രുവരി 10 തിങ്കളാഴ്ച 12 ന് ഉച്ചനമസ്കാരം, വൈകിട്ട് 6.30 ന് സന്ധ്യ പ്രാർത്ഥന, തുടർന്ന് 7.30 ന് ഫാ. മാത്യൂസ് ചാലപ്പുറത്തിന്റെ നേതൃത്വത്തിൽ വചന ശുശ്രൂഷ എന്നിവ ഉണ്ടായിരുന്നു.
പെരുന്നാൾ ദിനമായ ഫെബ്രുവരി 11 ചൊവ്വാഴ്ച 12 ന് ഉച്ചനമസ്കാരം, വൈകിട്ട് 3.30 ന് ദേശം ചുറ്റി പ്രദക്ഷിണം, തുടർന്ന് 7 ന് സന്ധ്യാപ്രാർത്ഥന 9 ന് ആശീർവാദം, നേർച്ചസദ്യ എന്നിവ ഉണ്ടാകും.
പ്രധാനപ്പെരുന്നാൾ ദിവസമായ ഫെബ്രുവരി 12 ബുധൻ രാവിലെ 8 ന് പ്രഭാത പ്രാർത്ഥന, 9 ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വി. അഞ്ചിന്മേൽ കുർബ്ബാന എന്നിവ നടക്കും. 11 ന് പ്രദക്ഷിണം, 11.30 ന് നേർച്ചസദ്യ, ഉച്ചക്ക് 1 മണിക്ക് ലേലം, 1.30 ന് ചരിത്ര പ്രസിദ്ധമായ കറി നേർച്ച, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.
