
കോട്ടയം ● പവർ ലിഫ്റ്റിങ് സംസ്ഥാന ചാംപ്യൻഷിപ്പിൽ സുവർണ്ണ നേട്ടം കരസ്ഥമാക്കി ഫാ. മാത്യു മണവത്ത്. ഇന്നലെ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിങ് മത്സരത്തിലാണ് കാണികളെ ഹരംകൊള്ളിച്ചു വൈദികൻ സ്വർണ മെഡൽ ജേതാവായത്. ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളി ആശുപത്രി അഡ്മിനിസ്ട്രേറ്ററും സഹവികാരിയുമാണ് ഫാ. മാത്യു മണവത്ത്.
77 കിലോഗ്രാം വിഭാഗത്തിൽ സ്ക്വാട് ഇനത്തിൽ 40, 30, 25 കിലോഗ്രാമും, ബഞ്ച് പ്രസ് ഇനത്തിൽ 35.5, 40 കിലോഗ്രാമും, ഡെഡ് ലിഫ്റ്റിൽ 40, 50, 80 കിലോഗ്രാമും ഉയർത്തിയാണ് വൈദികൻ സ്വർണ നേട്ടം കരസ്ഥമാക്കിയത്.
‘ജിമ്മിൽ പോകുന്നവർ മസിൽ പെരുപ്പിക്കുന്നത് ലഹരി മരുന്നും, മറ്റും ഉപയോഗിച്ചാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്റെ പ്രദേശത്തെ ഒട്ടേറെ മുതിർന്ന പൗരന്മാർ ഈ കാരണത്താൽ ജിമ്മിലേക്ക് വരാൻ മടിച്ച് നിന്നു. അവർക്ക് പ്രചോദനമേകാനാണ് ഞാനിതിലേക്ക് തിരിഞ്ഞത്’- ഫാ. മാത്യു മണവത്ത് പറഞ്ഞു.
മണർകാട് സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പലുമായിരുന്നു അച്ചൻ. മത്സരങ്ങൾ കൊച്ചി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരള സോൺ പവർ ലിഫ്റ്റിങ് അസോസിയേഷൻ സംഘടിപ്പിച്ച മത്സരങ്ങളിൽ വിവിധ ജില്ലകളിൽ നിന്നായി മുന്നൂറോളം പേർ പങ്കെടുത്തു.
