
“നീ പത്രോസ് ആകുന്നു. ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു. സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു. നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്ന് ഉത്തരം പറഞ്ഞു. (വി. മത്തായി 16:18-19)
നമ്മുടെ കർത്താവിനാൽ, പരിശുദ്ധ പത്രോസ് അപ്പോസ്തോലനിലൂടെ എ.ഡി 37-ൽ അന്ത്യോഖ്യായിൽ സ്ഥാപിതമായി, പരിശുദ്ധ പാത്രിയാർക്കീസന്മാരാൽ പരിപാലിക്കപ്പെട്ട്, വിശുദ്ധന്മാരാലും, ശുദ്ധിമതികളാലും മഹത്വീകരിക്കപ്പെട്ടു, മേൽപ്പട്ടക്കാർ – പട്ടക്കാർ – ശെമ്മാശ്ശന്മാർ – എന്നിവരാൽ പ്രസരിപ്പിക്കപ്പെട്ട്, നാമാകുന്ന വിശ്വാസി സമൂഹത്തിനാൽ അനുഭവിക്കപ്പെട്ടും പുകഴ്തപ്പെട്ടും അനസ്യൂതം നിലനിന്നു പോരുന്ന സത്യ സുറിയാനി സഭയുടെ പൗരോഹിത്യം ഒഴുകുന്ന നീരുറവയാകുന്ന വിശുദ്ധ അന്ത്യോഖ്യാ സിംഹാസനം.
യേശു ക്രിസ്തുവിന്റ വചനത്താൽ ശ്ലീഹന്മാരിൽ തലവനായ
വിശുദ്ധ പത്രോസ് അന്ത്യോഖ്യായിൽ എ.ഡി 37 ഫെബ്രുവരി 22 ന് തന്റെ സിംഹാസനത്തെ സ്ഥാപിച്ചു. അക്കാലം മുതൽ അന്ത്യോഖ്യായിൽ വച്ച് ശിഷ്യന്മാർക്ക് ക്രിസ്ത്യാനികൾ എന്ന് പേരുണ്ടായി. വിശുദ്ധ പത്രോസ് മുതൽ പരിശുദ്ധ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ വരെ അത് ഇന്നു വരെയും ദൈവത്താൽ നിലനിർത്തപ്പെട്ടു വരുന്നു.
സുറിയാനി പാരമ്പര്യമുള്ള എല്ലാ സഭകളുടെയും മാതാവാണ് അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭ. ഈ സഭയിലെ പൗരാണിക ആശ്രമങ്ങളിലും, ദയറാകളിലും അനേകായിരം വിശുദ്ധന്മാർ, സന്യാസിനി-സന്യാസിമാർ കർത്താവിന്റെ വചനത്തെ ധ്യാനിക്കുകയും പഠിക്കുകയും ചെയ്തു. ഇങ്ങനയുള്ളവർ പരിശുദ്ധ ആത്മാവിനാൽ പ്രേരിതരായി എഴുതിയുണ്ടാക്കിയ പ്രാർത്ഥനകൾ, ഗാനങ്ങൾ എന്നിവ അനർഘ മുത്തുകളായി ഇന്നും നിലകൊള്ളുന്നു.
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തെയും അതിൽ ഭാഗ്യമോടെ വാണരുളുന്ന പരിശുദ്ധ പാത്രിയർക്കീസ് ബാവാ തിരുമനസ്സിനെയും ഞങ്ങൾ അഭിമാനത്തോടെ ഭയഭക്തി ബഹുമാനത്തോടെ നോക്കി കാണുന്നു. മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനി തന്റെ പൈതൃക സ്വത്തായ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ദിനം കൂടിയാണിത്.
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം നീണാൾ വാഴട്ടേ!
അന്ത്യോഖ്യാ- മലങ്കര ബന്ധം നീണാൾ വാഴട്ടെ.
ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ അന്ത്യോഖ്യാ പാത്രിയർക്കീസ് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ
നീണാൾ വാഴട്ടെ.
എല്ലാവർക്കും സിംഹാസന സ്ഥാപന വാർഷികത്തിന്റെ ആശംസകൾ നേരുന്നു.
