
സേലം ● യാക്കോബായ സുറിയാനി സഭ ബാംഗ്ലൂർ-മൈലാപ്പൂർ ഭദ്രാസനങ്ങളുടെ വൈദിക ധ്യാനം ‘അബ്ദെ- ദലോഹോ’ (Servant of God) സമാപിച്ചു. രണ്ടു ദിവസങ്ങളിലായി സേലം യേർക്കാട് ഹൗസ് ഓഫ് പീസ് എന്ന സ്ഥാപനത്തിലായിരുന്നു ധ്യാനം നടന്നത്.
ബാംഗ്ലൂർ-മൈലാപ്പൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായെ യോഗത്തിൽ അനുസ്മരിച്ചു. മലങ്കര കത്തോലിക്കാ സഭയിലെ അഞ്ചൽ സെൻ്റ് ജോൺസ് കോളേജ് കൊമേഴ്സ് വിഭാഗം മേധാവി ഫാ. ഷോജി വർഗീസ് രണ്ടു ദിവസത്തെ ക്ലാസിന് നേതൃത്വം നൽകി.
പരിശുദ്ധ സഭയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ആവഡി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. വർഗീസ് കടുങ്ങേരിലിനെ യോഗത്തിൽ ആദരിച്ചു. സഭാ വൈദികസംഘം സെക്രട്ടറിയും ബാംഗ്ലൂർ ഭദ്രാസന സെക്രട്ടറിയുമായ ഫാ. ജോൺ ഐപ്പ് മാങ്ങാട്ട്, മൈലാപ്പൂർ ഭദ്രാസന സെക്രട്ടറി ഫാ. എബി പോൾ, ബാംഗ്ലൂർ ഭദ്രാസന വൈദിക സെക്രട്ടറി ഫാ. ഷിബു ജോർജ് പുലയത്ത്, മൈലാപ്പൂർ ഭദ്രാസന വൈദിക സെക്രട്ടറി ഫാ. സുബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. ബാംഗ്ലൂർ – മൈലാപ്പൂർ ഭദ്രാസനങ്ങളിലെ എല്ലാ വൈദികരും ധ്യാനത്തിൽ പങ്കെടുത്തു.



