
യേശുക്രിസ്തുവിന്റെ യെരുശലേം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റ് ‘ദൈവപുത്രന് സ്തുതി’ പാടിയ ഓർമ്മയിൽ ക്രൈസ്തവ സമൂഹം ഓശാന ഞായർ (കുരുത്തോല പെരുന്നാൾ) ആഘോഷിച്ചു. യാക്കോബായ സുറിയാനി സഭയുടെ ദൈവാലയങ്ങളിൽ ഓശാന ഞായറിന്റെ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും കരുത്തോലകളേന്തി പ്രദക്ഷിണവും വിശുദ്ധ കുർബ്ബാനയും നടന്നു.
ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിച്ചു.
ഓശാന എന്നാൽ ‘സ്തുതിപ്പ്’ എന്നാണർഥം. ‘ഹോശന്ന’ എന്ന എബ്രായ മൂലപദത്തിൽ നിന്നാണ് ഓശാന എന്ന വാക്കുണ്ടാവുന്നത്. ക്ഷമയുടെയും സഹനത്തിന്റെയും എളിമയുടെയും പര്യായമായി കഴുതപ്പുറത്തെത്തിയ രാജാധിരാജനെ വെള്ള വിരിച്ചും ഒലിവ് ചില്ലകളേന്തിയും ആനന്ദ നൃത്തം ചെയ്തും ആയിരങ്ങള്‍ എതിരേറ്റ പുണ്യദിനത്തിന്റെ അനുസ്മരണമാണ് ഓശാന. കുരുത്തോലകളേന്തിയാണ് വിശ്വാസികള്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഓശാനയെ അനുസ്മരിക്കുന്നത്.
ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക് പ്രാർത്ഥനാ ദിനങ്ങളാണ്. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങളിലൂടെ കടന്ന് യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധ വാരം പൂർത്തിയാകും. ഈസ്റ്ററോടെ രക്ഷാകരമായ അമ്പത് നോമ്പിനും സമാപനമാകും.





