
മുളന്തുരുത്തി ● ആകുലതയുടെ
മധ്യേ ജീവിക്കുന്ന സമൂഹത്തിന് പ്രത്യാശയുടെ വാതിൽ തുറക്കുന്നതാണ് ഈസ്റ്റർ നൽകുന്ന സന്ദേശമെന്ന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു. മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ ഈസ്റ്റർ കുർബാനയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ബാവ.
യുവജനങ്ങൾ രാസലഹരിക്കും മയക്കുമരുന്നിനും അടിമപ്പെട്ടു പോകുന്നത് സ്വാഭാവിക സംഭവമായി മാറുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ആശങ്കപ്പെടുത്തുന്നു. സിനിമ പോസ്റ്ററുകളിൽ രക്തം വാർന്ന് ഒഴുകുന്നതും. വയലൻസും നിറഞ്ഞു നിൽക്കുകയാണ്. പുതു തലമുറയെ ഇതെല്ലാം ആകർഷിക്കുന്നുണ്ട്.
കുട്ടികൾ പലവിധ ഗെയിമിന് അടിമപ്പെടുന്നു. ഇതിന്റെയെല്ലാം പരിണിത ഫലം നിരാശയിലാണ് അവസാനിക്കുന്നത്. ഏത് പ്രതിസന്ധിഘട്ടത്തിലും നിരാശപ്പെടരുത്. അന്ധകാരത്തിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന ഉയിർപ്പിന്റെ പ്രത്യാശ സഭക്കും സമൂഹത്തിനും വഴികാട്ടിയാണ്.
ജീവിതം ഹൃസ്വമാണ്. അതുകൊണ്ട് ആ രുമായും വഴക്കിടാനോ അകലം പാലിക്കാനോ പാടില്ല. ഭിന്നതകൾ അവസാനിപ്പിച്ച് അനുരഞ്ജനത്തിന്റെ പാതയിൽ യാത്രചെയ്യുമ്പോഴാണ് ഉത്ഥാന ത്തിന്റെ സന്ദേശം പൂർണ്ണമാകുന്നതെന്നും കാതോലിക്കാ ബാവ പറഞ്ഞു.
