പരി. യൂയാക്കീം മോർ കൂറിലോസ് ബാവ – പീഡിതനായ വിശ്വാസസംരക്ഷൻ

1846 മുതൽ 1874 വരെ 28 വർഷക്കാലം പീഡനങ്ങളും കഷ്‌ടതകളും സഹിച്ച് സത്യ വിശ്വാസം മലങ്കരയിൽ നിലനിർത്തിയ പരി. യൂയാക്കീം മോർ കൂറിലോസ് ബാവായുടെ 150-ാം ഓർമ്മപ്പെരുന്നാൾ സെപ്റ്റംബർ 2 ന് പുണ്യപിതാവ് കബറടങ്ങിയിരിക്കുന്ന മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ ആചരിച്ചു. ഇംഗ്ലീഷുകാരുടെയും നവീകരണക്കാരുടെയും പ്രവർത്തനങ്ങൾ മൂലം സഭക്ക് കഷ്ടതകളും പീഡനങ്ങളും സഹിക്കേണ്ടിവന്നപ്പോൾ സത്യവിശ്വാസം നില നിർത്തുന്നതിന് പരി. അന്ത്യോഖ്യാ സിംഹാസനത്തിൽ നിന്ന് അയക്കപ്പെട്ട പിതാവായിരുന്നു പരി. കൂറിലോസ് ബാവ. പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസിന്റെ വാഴ്ചയെ തുടർന്നുണ്ടായ പ്രതിസന്ധികളെ തരണം ചെയ്യുന്നതിനായിട്ടാണ് ബാവ മലങ്കരയിലേക്ക് അയക്കപ്പെട്ടത്.

സഭാനേതൃത്വം അറിയാതെ പരി. പാത്രിയർക്കീസ് ബാവായുടെ അടുക്കൽ പോയി പരി. ബാവായെ തെറ്റിദ്ധരിപ്പിച്ച് മേൽപ്പട്ടം സ്വീകരിച്ച പാലക്കുന്നത്ത് തിരുമേനി സഭയിൽ നവീകരണപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ ഇവിടെയുള്ള സത്യവിശ്വാസികൾ പരി. സിംഹാസനത്തിലേക്ക് പരാതികൾ അയച്ചതിന്റെ ഫലമായിട്ടാണ് ബാവ ഇവിടെ എത്തിയത്. പാലക്കുന്നത്ത് തിരുമേനിയുടെ സ്വാധീനത്താൽ ബ്രിട്ടീഷ് ഭരണാധികാരികളുടെയും തിരുവിതാംകൂർ രാജാവിന്റെയും ഉത്തരവുകൾ അദ്ദേഹത്തിന് അനുകൂലമായിരുന്നു. ആയതിനാൽ പരി. കൂറിലോസ് ബാവായ്ക്ക് തിരുവിതാംകൂറിലും കൊച്ചിയിലും പ്രവേശിക്കുന്നതിന് നിരോധന ഉത്തരവുണ്ടായി. ഇതേതുടർന്ന് ബാവ ഫോർട്ട് കൊച്ചിയിൽ താമസിച്ച് അവിടെ ഒരു പള്ളി സ്ഥാപിച്ചു. ഇങ്ങനെ മലങ്കരയിൽ എത്തി അനേക കഷ്‌ടപ്പാടുകൾ സഹിക്കേണ്ടി വന്ന ബാവ പിന്നീട് നിരോധന ഉത്തരവ് പരാജയപ്പെടുത്തുകയും പുതിയ പള്ളികൾ സ്ഥാപിക്കുകയും സത്യവിശ്വാസം സംരക്ഷിക്കുകയും ചെയ്തു. നീണ്ട 28 വർഷക്കാലം മലങ്കരയിൽ താമസിച്ച് കഷ്ടപ്പാടുകൾ സഹിച്ച ബാവ മലങ്കരയിലുടനീളം സഞ്ചരിച്ച് വിശ്വാസികളെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തി.

പരി. പരുമല തിരുമേനിയും പരി. പൗലോസ് മോർ കൂറിലോസ് തിരുമേനിയും പരി. കൂറിലോസ് ബാവായിൽ നിന്ന് ആത്മീയ വളർച്ചക്കുള്ള പ്രചോദനം നേടിയവരായിരുന്നു. പരി. ബാവായ്ക്ക് സുറിയാനിയിലും അറബിയിലും വൈദ്യത്തിലും ജ്യോതിശാസ്ത്രത്തിലും നല്ല അറിവും സാമർത്ഥ്യവും ഉണ്ടായിരുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ അനേകർക്ക് രോഗസൗഖ്യവും ആശ്വാസവും നൽകി. ഇന്നും വി. കബറിങ്കൽ നിന്ന് അനേകർക്ക് അനുഗ്രഹങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. മലങ്കരയിലെ ജീവിതം ബാവായുടെ ആരോഗ്യത്തെ ക്ഷയിപ്പിച്ച് രോഗിയാക്കി മാറ്റി. 28-ാം വയസ്സിൽ മലങ്കരയിൽ എത്തിയ ബാവ 28 വർഷക്കാലം കഷ്‌ടപ്പെട്ട് വിശ്വാസം സംരക്ഷിച്ച് 56-ാം വയസ്സിൽ 1874 സെപ്റ്റംബർ 2 ന്‌ കാലം ചെയ്‌ത്‌ മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ കബറടങ്ങി. 2008 ഒക്ടോബർ 10 ന് പരി. ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ പരിശുദ്ധനായി പ്രഖ്യാപി ച്ചു. ഇന്നു നമ്മെ ഭരിക്കുന്ന പരി. ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ പരി. കൂറിലോസ് ബാവായുടെ സഹോദരന്റെ അഞ്ചാം തലമുറക്കാരനാണ്.

Related Posts

ഭക്തി നിർഭരമായി മഞ്ഞിനിക്കര തീർത്ഥയാത്ര; പ്രാർത്ഥനാ മന്ത്രങ്ങളുമായി ആയിരങ്ങൾ

കോട്ടയം ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് മഞ്ഞിനിക്കര തീർഥയാത്രയ്ക്ക് വിവിധ മേഖലകളിൽ നിന്ന് ഭക്തിനിർഭരമായ തുടക്കം. വിവിധ പള്ളികളിൽ…

പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മലങ്കരയിൽ എത്തിച്ചേർന്നു; ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി

പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു.…

Leave a Reply

Your email address will not be published. Required fields are marked *