സഭാ തര്‍ക്കത്തില്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന കേരള സര്‍ക്കാരിനെ ഓര്‍ത്തഡോക്‌സ് വിഭാഗം വെല്ലുവിളിക്കുന്നു : യാക്കോബായ സഭ

പുത്തന്‍കുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തിന് ശാശ്വത പരിഹാരം കാണുവാനും, പള്ളികളില്‍ നിലനില്‍ക്കുന്ന കലാപാന്തരീക്ഷങ്ങള്‍ക്ക് അറുതി വരുത്തുവാനും ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ നിഷ്പക്ഷ നിലപാടുകളോടെ സ്വീകരിക്കുന്ന നടപടികളെ വെല്ലുവിളിക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിലപാട് സഭാന്തരീക്ഷം കൂടുതല്‍ കലുഷിതമാക്കാനും, കേരളത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തുവാനുമുള്ള ഗൂഢശ്രമമായി മാത്രമേ കാണുവാന്‍ കഴിയൂ എന്ന് യാക്കോബായ സഭ. തെരഞ്ഞെടുപ്പ് കാലയളവില്‍ പള്ളികളില്‍ സംഘര്‍ഷം ഉണ്ടാക്കി സര്‍ക്കാരിനെതിരെ ജനരോഷം ഇളക്കി വിടാനാണ് ഓര്‍ത്തഡോക്‌സ് വിഭാഗം ശ്രമിക്കുന്നതെന്നും, ഇത്തരം ശ്രമങ്ങളെ യാക്കോബായ സഭ ശക്തമായി എതിര്‍ക്കുമെന്നും സഭ ഭാരവാഹികള്‍ ആയ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ്. സി. മാത്യു എന്നിവര്‍ പറഞ്ഞു.

ഒരു വിശ്വാസിയെ പോലും തടയില്ലെന്ന് പറയുന്ന മെത്രാന്‍ കക്ഷി വിഭാഗം കട്ടച്ചിറയില്‍ ഒരു വൃദ്ധമാതാവിന്റെ മൃതദേഹം 40 ദിവസത്തോളം സംസ്‌കരിക്കാതെ തടഞ്ഞുവെച്ചത് കേരള സമൂഹം മനസ്സിലാക്കിയിട്ടുള്ളതാണ്. കൂടാതെ യാക്കോബായ സഭയില്‍ നിന്നും മെത്രാന്‍ കക്ഷി വിഭാഗം പിടിച്ചെടുത്ത പല പള്ളികളിലും മൃതദേഹ സംസ്‌കാരങ്ങള്‍ക്ക് എതിരു നിന്ന മെത്രാന്‍ കക്ഷി വിഭാഗത്തിന്റെ നിലപാടിനെതിരെയാണ് ബഹു കേരള സര്‍ക്കാര്‍ സെമിത്തേരിബില്‍ കൊണ്ടുവന്നത്. അതോടുകൂടിയാണ് മൃതദേഹ സംസ്‌കാരം എന്ന ഒരു പൗരന്റെ, സഭാ വിശ്വാസിയുടെ അവകാശം ഭാഗീകമായെങ്കിലും അനുവദിക്കപ്പെട്ടത്. ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്നില്ലെന്ന് പറയുന്നവര്‍ കട്ടച്ചിറയിലും, മുളന്തുരുത്തിയിലും മറ്റു പള്ളികളിലും, വാതില്‍ ചവിട്ടി പൊളിച്ചതും, സഭാ വിശുദ്ധന്മാരുടെ ചിത്രങ്ങള്‍ കത്തിച്ചതും, പള്ളിക്കുള്ളില്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങളും പൊതുസമൂഹം കണ്ടതാണ്.

ക്രിസ്തുവിന്റെ പാത പിന്‍പറ്റുന്നുവെന്നവകാശപ്പെടുന്നവര്‍ കാട്ടിക്കൂട്ടുന്നതായ അതിക്രമങ്ങള്‍ കേരള സമൂഹത്തിന് തന്നെ നാണക്കേടാണ്. തങ്ങള്‍ കഷ്ടപ്പെട്ട് പടുത്തുയര്‍ത്തിയ പള്ളികള്‍ സംരക്ഷിക്കുന്ന വിശ്വാസി സമൂഹത്തെ ജലപീരങ്കിയും തോക്കും ഉപയോഗിച്ച് നേരിടണമെന്ന് പറയുന്ന പുരോഹിത വര്‍ഗ്ഗം കേരളത്തിലെ ക്രിസ്തീയ സഭകള്‍ക്ക് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. നിരവധി തവണ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമാധാന ശ്രമങ്ങളെ തുരങ്കം വെച്ചവരാണ് ഇപ്പോള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. യാക്കോബായ സഭയുടെ പുണ്യപുരാതനമായ പള്ളികള്‍ പിടിച്ചെടുക്കുവാന്‍ ശ്രമിക്കുന്ന മെത്രാന്‍ കക്ഷി വിഭാഗത്തിന്റെ നീക്കങ്ങള്‍ കേരളത്തില്‍ വീണ്ടും അസമാധാനം സൃഷ്ടിക്കുവാന്‍ ഉള്ള നടപടിയായി മാത്രമേ കാണുവാന്‍ കഴിയൂ എന്നും സര്‍ക്കാരിന്റെ നിഷ്പക്ഷ നിലപാടുകളെ യാക്കോബായ സഭ എക്കാലവും പിന്തുണയ്ക്കുമെന്നും സഭ ഭാരവാഹികള്‍ വ്യക്തമാക്കി.

  • Related Posts

    പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മലങ്കരയിൽ എത്തിച്ചേർന്നു; ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി

    പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു.…

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…