മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവലിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ സമഗ്രമായ അന്വേഷണം വേണം : യാക്കോബായ സഭ

പുത്തന്‍കുരിശ് ● മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും,  തെഹല്‍ക്ക മാനേജിംഗ് എഡിറ്ററുമായിരുന്ന ശ്രീ. മാത്യു സാമുവല്‍ ഇന്നലെ തന്റെ യൂട്യൂബ് ചാനലിലൂടെ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ഉത്കണ്ഠ ഉളവാക്കുന്നതാണെന്നും ഇതേക്കുറിച്ച് ശക്തമായ അന്വേഷണം ആവശ്യമാണെന്നും യാക്കോബായ സഭ ആവശ്യപ്പെട്ടു.

വര്‍ഷങ്ങള്‍ക്കുമുമ്പ് മെത്രാന്‍ കക്ഷി നേതൃത്വം യാക്കോബായ സഭയുടെ നേതൃസ്ഥാനികളെ സമൂഹ മധ്യത്തില്‍ അപമാനിക്കുവാന്‍ പ്രതിഫലം വാഗ്ദാനം ചെയ്ത് തന്റെ സഹായം തേടി എന്നുള്ള ശ്രീ മാത്യു സാമുവേലിന്റെ വെളിപ്പെടുത്തല്‍ പൊതു സമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ്. 

യാക്കോബായ സുറിയാനി സഭയുടെ പള്ളികള്‍ പിടിച്ചെടുക്കുവാന്‍ ഏത് ഹീനമാര്‍ഗ്ഗവും സ്വീകരിച്ച് മുന്നോട്ട് നീങ്ങുന്ന മെത്രാന്‍ കക്ഷി വിഭാഗ നേതൃത്വത്തിന്റെ നീച പ്രവര്‍ത്തികള്‍ക്കെതിരെയുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ നിസ്സാരമായി തള്ളികളയുവാന്‍ കഴിയുന്നതല്ല.

യാക്കോബായ സഭാംഗങ്ങള്‍ ഓരോ സ്ഥലത്തും പണി കഴിപ്പിച്ച പള്ളികളുടെ സ്ഥാപനോദ്ദേശമോ, നിയമാനുസൃതം  രജിസ്റ്റര്‍ ചെയ്ത ഉടമ്പടികളോ, റവന്യൂ രേഖകളോ പരിശോധിക്കാതെ അവിഹിത മാര്‍ഗ്ഗത്തില്‍ നേടിയെടുത്ത കോടതി വിധിയുടെ മറവില്‍ പരി. അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴിലുള്ള യാക്കോബായ സഭാ വിശ്വാസികളുടെ 55 ഓളം പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പിടിച്ചെടുത്തു.  

കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകളെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി തങ്ങള്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ നേടിയെടുക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭ ചെയ്യുന്നത്.  ഇനിയും ഇത്തരം കാര്യങ്ങളെ ലാഘവത്തോടെ കാണുവാന്‍ സാധിക്കുകയില്ല എന്നും സഭാ ഭാരവാഹികള്‍ പറഞ്ഞു.

ലോകത്തിലെ ഒരു ക്രൈസ്തവ സഭയ്ക്ക്  മാത്രമല്ല ഒരു മത നേതൃത്വത്തിനും ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും സാധിക്കാത്ത രീതിയില്‍ മറ്റൊരു ക്രൈസ്തവ സഭയെ ഇല്ലാതാക്കാനുള്ള ഗൂഢ ശ്രമത്തിന്റെ ഭാഗമായി സഭയുടെ ഉന്നത ശ്രേണിയിലുള്ള മെത്രാപ്പോലീത്തമാരെ തേജോവധം  ചെയ്യുവാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനെ സ്വാധീനിക്കുവാന്‍ ശ്രമിച്ചത്  ഹീന പ്രവര്‍ത്തിയാണ്. ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ ശ്രീ. മാത്യു സാമുവേലിനെ വിമാന ടിക്കറ്റ് എടുത്ത് നല്‍കി കേരളത്തില്‍ കൊണ്ടുവന്ന് തങ്ങളുടെ എതിര്‍ചേരിലുള്ള സഭാ നേതൃത്വത്തെ തികച്ചും നീച പ്രവര്‍ത്തിയിലൂടെ അവഹേളിച്ച് അതുവഴി സഭയെ ഇല്ലാതാക്കാവുന്‍ ശ്രമിച്ച ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അന്നത്തെ കാതോലിക്കായും അന്നത്തെ സുന്നഹദോസ് സെക്രട്ടറിയും (ഇന്നത്തെ  കാതോലിക്കാ) നടത്തിയ ശ്രമങ്ങള്‍ കേട്ട്  ഇതര ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തലതാഴ്ത്തുകയാണ്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണം എന്ന് പഠിപ്പിച്ച ക്രിസ്തു യേശുവിന്റെ നാമം പേറി നടക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗം, അന്ത്യോഖ്യാ വിശ്വാസി സമൂഹം കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തിയ ദൈവാലയങ്ങള്‍ കൈയ്യടക്കുവാന്‍ ഏതു വിധേനയും നടത്തുന്ന ഇത്തരം പ്രവര്‍ത്തികള്‍ നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയോടുള്ള വലിയ വെല്ലുവിളിയാണ്. 

ഈ വെളിപ്പെടുത്തലില്‍ ഉള്‍പ്പെട്ടവരുടെ ഗൂഢാലോചന ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ടുവരണമെന്നും തെറ്റു ചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും  പരി. യാക്കോബായ സുറിയാനി സഭാ ഭാരവാഹികള്‍ ആയ വൈദീക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാണ്ടര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ്. സി. മാത്യു എന്നിവര്‍ അറിയിച്ചു.