പുത്തൻകുരിശ് ● സഭാതർക്കത്തിൽ ശാശ്വത പരിഹാരത്തിലേക്കെത്തുന്ന ഉപാധികളൊന്നും മെത്രാൻ കക്ഷി വിഭാഗം അംഗീകരിക്കാത്ത സാഹചര്യത്തിൽ, സർക്കാർ മുൻ കൈയെടുത്ത് മലങ്കര ചർച്ച് ബിൽ നടപ്പാക്കി തർക്കം തീർക്കണമെന്ന് മലങ്കര യാക്കോബായ സുറിയാനി സഭ. സഭാതർക്കം മത – സാമൂഹിക പ്രശ്നമാണ്. ക്രിസ്തീയവും, മനുഷ്യത്വപരവുമായ സമീപനമാണ് മെത്രാൻ കക്ഷി വിഭാഗം സ്വീകരിക്കേണ്ടത്. എന്നാൽ, അതുണ്ടാകുന്നില്ലെന്ന് മലങ്കര മെത്രാപ്പോലീത്ത മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പറഞ്ഞു.
വിശ്വാസികൾ പണിതുയർത്തിയ പള്ളികളിൽ നിന്ന്, കോടതി വിധി ചൂണ്ടിക്കാട്ടി അവരെ ഇറക്കിവിട്ട് പിടിച്ചെടുക്കുകയാണ്. ഇതൊരു തുടർക്കഥയാക്കുന്നതിനോട് സർക്കാരിന് എതിർപ്പുണ്ടാകുന്നത് സ്വാഭാവികമാണ്. വിഷയത്തിലെ നീതികേട് സർക്കാരിനൊപ്പം പൊതുസമൂഹത്തിനും വ്യക്തമാണ്. അങ്ങനെയിരിക്കേ, മെത്രാൻകക്ഷി വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ സർക്കാരിനെതിരേ ഹൈക്കോടതി വിധിയുണ്ടായതിനാലാണ് സർക്കാരിന് സുപ്രീംകോടതിയെ സമീപിക്കേണ്ടി വന്നത്.
യാക്കോബായ സഭാ വിശ്വാസികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 55-ലേറെ പള്ളികളാണ് കോടതിവിധിയുടെ മറവിൽ മെത്രാൻ കക്ഷി വിഭാഗത്തിന് സർക്കാർ പിടിച്ചെടുത്ത് നൽകിയത്. കോടികൾ മുടക്കി യാക്കോബായ സഭാ വിശ്വാസികൾ പണിതുയർത്തിയ മഴുവന്നൂർ പള്ളി, പരിശുദ്ധ പാത്രിയാർക്കീസ് ബാവാ കൂദാശ നടത്തിയതാണ്. ഈ പള്ളിമെത്രാൻ കക്ഷി വിഭാഗം ആവശ്യപ്പെടുന്നതിന് എന്ത് ന്യായീകരണമാണുള്ളത്. ആയിരത്തിലേറെ യാക്കോബായ വിശ്വാസികളുള്ള ഇടവക പള്ളിയിൽ 15 വീട്ടുകാരേ മറുവിഭാഗത്തിനൊപ്പമുള്ളൂ. ഭാഗം വെച്ച് പിരിയാനോ, ആരാധനാ സൗകര്യമൊരുക്കാനോ വിശ്വാസികൾ തയ്യാറാണ്. ഇതിനൊന്നും സഹകരിക്കാതെ വിശ്വാസികളെ ഇറക്കിവിട്ട് പള്ളി സർക്കാർ പിടിച്ചെടുത്ത് നൽകണമെന്നാണ് മെത്രാൻ കക്ഷി വിഭാഗം ആവശ്യപ്പെടുന്നത്.
പള്ളിക്ക് വേണ്ടിയുള്ള സമരം ആരുടെയും സ്ഥാനമുറപ്പിക്കാനല്ല; ഇടവകക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ്. ഇടവകക്കാരാണ് സമരം ചെയ്യുന്നതും. നീതി നടപ്പാക്കുന്നതിനാണ് സർക്കാർ ശ്രമമെന്നതാണ് വസ്തുതയെന്നും, മലങ്കര മെത്രാപ്പോലീത്ത മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പറഞ്ഞു.