പുത്തൻകുരിശ് ● പരിശുദ്ധ സുറിയാനി സഭയുടെ ഭിത്തികളെ ബലവത്താക്കുകയും അതിരറ്റ് സ്നേഹിക്കുകയും ചെയ്ത മോർ യൂലിയോസ് യേശു ശിശക്ക് മെത്രാപ്പോലീത്തയുടെ 19 മത് ഓർമ്മപ്പെരുന്നാൾ ഇന്ന് പരിശുദ്ധ സഭ ആചരിക്കുന്നു.
സുറിയാനി സഭയുടെ പ്രശസ്തമായ ദൈവാലയങ്ങളും, ദയറാകളും സ്ഥിതി ചെയ്യുന്ന തുർക്കിയിലെ തുറബ്ദ്ദീൻ പട്ടണത്തിന് സമീപം അപ്പർ കഫ്റോ എന്ന സ്ഥലത്ത് ബർ സൗമോ കശ്ശീശായുടെയും സയിദെയുടെയും മകനായി 1942ൽ അഭിവന്ദ്യ മെത്രാപ്പോലീത്ത ഭൂജാതനായി. ചെറുപ്പം മുതലേ പ്രാർത്ഥനയിലും ദൈവഭക്തിയിലും വളർന്നുവന്ന ബാലൻ സകല മനോ ഗുണങ്ങളുടെയും വിളനിലമായിരുന്നു. ഒമ്പതാമത്തെ വയസ്സിൽ സെമിനാരിയിൽ ചേർന്ന് സുറിയാനി, ടർക്കിഷ്, അറബി എന്നീ ഭാഷകളും ദൈവശാസ്ത്രവും, അവിടുത്തെ മറ്റ് പാഠ്യ വിഷയങ്ങളോടൊപ്പം പഠിച്ചു.
1958 ൽ ശെമ്മാശനാകുകയും അതിനുശേഷം മോർ സിറാക്കസ് ദയറായിൽ ചേരുകയും തുർക്കിയിലെ പീഡനങ്ങൾ അനുഭവിക്കുന്ന സഭാ മക്കളുടെ രക്ഷക്കായി പ്രവർത്തിക്കുകയും ചെയ്തു. 1960 ൽ റമ്പാനായി മോർ ഗബ്രിയേൽ ദയറായിൽ ചേർന്ന് സന്യാസജീവിതം ആരംഭിച്ചു. 1969ൽ വൈദീക സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. തുടർന്ന് ദയറായുടെ മൽപ്പാനായി സ്ഥാനമേറ്റു. ഈ സമയത്ത് ദയറായിലെ പഴക്കം ചെന്ന പല പുസ്തകങ്ങളുടെയും, കയ്യെഴുത്ത് പ്രതികളുടെയും പകർപ്പ് എഴുതി കേടു കൂടാതെ സൂക്ഷിക്കുകയും ദയറായുടെ ഗ്രന്ഥശാല നവീകരിക്കുകയും ചെയ്തു. തുടർന്ന് അവിടുത്തെ ദയറോയോ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ജർമ്മനിയിലേക്ക് വരികയും അവിടെ വെച്ച് ജർമ്മൻ ഭാഷ പഠിക്കുകയും ജർമ്മനിയിലെ പ്രവാസികളായ സുറിയാനിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്തു. 1975 ൽ അമേരിക്കൻ ഭദ്രാസനത്തിന്റെ അന്നത്തെ മെത്രാപ്പോലിത്തയായിരുന്ന മോർ അത്താനാസിയോസ് യേശു ശമുവേൽ മെത്രാപ്പോലിത്തായുടെ ക്ഷണപ്രകാരം അമേരിക്കയിലേക്ക് പോവുകയും അവിടെ വെച്ച് ഇംഗ്ലീഷ് ഭാഷയിൽ അഗാധ പാണ്ഡിത്യം നേടുകയും ചെയ്തു. അതോടൊപ്പം അവിടുത്തെ പല ദൈവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.
1977 ൽ അമേരിക്കയിൽ നിന്ന് ഹോളണ്ടിലെക്ക് വരികയും അവിടെ താമസിക്കുകയും ചെയ്തു. ആ വർഷം മദ്ധ്യ യൂറോപ്പ് ഭദ്രാസനത്തിന്റെ പാത്രിയർക്കാ വികാരിയായി ആകമാന സുന്നഹദോസ് തെരഞ്ഞെടുത്തു. യൂറോപ്പിൽ അനേക സ്ഥലങ്ങളിൽ സുറിയാനിക്കാരെ സംഘടിപ്പിച്ച് പുതിയ ദൈവാലയങ്ങൾ സ്ഥാപിക്കുകയും യാതനകൾ അനുഭവിക്കുന്ന പ്രവാസികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്തു. 1978ൽ മദ്ധ്യ യൂറോപ്പ് ഭദ്രാസനത്തിന്റെ മുഖപത്രമായ കോലോ സുറിയോയോ എന്ന മാസിക ആരംഭിച്ചു. 1979ൽ ഹോളണ്ടിൽ വെച്ച് പരിശുദ്ധ യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ മദ്ധ്യയൂറോപ്പിന്റെ മെത്രാപ്പോലീത്തയായി വാഴിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ പ്രവർത്തനങ്ങൾ മൂലം മധ്യ യുറോപ്പിൽ സഭക്ക് അത്ഭുതപൂർവമായ വളർച്ചയുണ്ടായി. എകദേശം 40 ഓളം പള്ളികൾ സ്ഥാപിക്കുകയും 1984 ൽ നെതർലാൻഡിലെ ലോസ്സർ എന്ന സ്ഥലത്ത് ഭദ്രാസന ആസ്ഥാനമായ മോർ അപ്രേം ദയറ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ഹോളണ്ട്, ബെൽജിയം, ജർമ്മനി, സ്വീഡൻ, ഇംഗ്ലണ്ട്, നോർവേ, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ അനേകം പള്ളികളും ദയറാകളും സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി.
പരിശുദ്ധ സുറിയാനി സഭയുടെ ‘രണ്ടാം യാക്കോബ് ബുർദ്ദാന’ എന്ന് വിശേഷിപ്പിക്കാവുന്ന അഭിവന്ദ്യ പിതാവ് തുർക്കികളുടെ പീഡനം മൂലം യൂറോപ്പിലേക്ക് പാലായനം ചെയ്ത അശണരായി ജോലി സ്ഥിരതയോ സാമ്പത്തികമോ ഇല്ലാതിരുന്ന സുറിയാനിക്കാരെ സഹായിക്കാൻ പല പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയും ചെയ്തു. നെതർലാൻഡിലെ ലോസ്സറിൽ ബാർ എബ്രായുടെ നാമത്തിൽ ഒരു പ്രസിദ്ധീകരണശാല ആരംഭിക്കുകയും ചെയ്തു.അങ്ങനെ സുറിയാനി സഭക്ക് അനേക കാര്യങ്ങൾ ചെയ്ത മോർ യുലിയോസ് ശീശക്ക് തിരുമേനി 2005 ഒക്ടോബർ 29 ന് ജർമ്മനിയിൽ വെച്ച് തന്റെ 63 മത് വയസ്സിൽ കാലം ചെയ്തു. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ കാർമ്മികത്വത്തിലും അനേകം മെത്രാപ്പോലിത്തന്മാരുടെയും വൈദീകരുടെയും സഹകാർമ്മികത്വത്തിത്തിലും ആയിരക്കണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തിലും നെതർലാന്റിലെ ലോസ്സർ എന്ന സ്ഥലത്തെ ദൈവാലയത്തിൽ കബറടക്കി.
മലങ്കര സഭയെ ഇത്രയധികം സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത മറ്റൊരു മെത്രാപ്പോലീത്താ സുറിയാനി സഭയിൽ ഉണ്ടായിട്ടുണ്ടോ എന്നുള്ളത് സംശയമാണ്. വെട്ടിക്കലുള്ള എം .എസ്. ഓ.റ്റി സെമിനാരിക്ക് ഇന്നത്തെ രൂപവും ഭാവവും കൈവന്നതിൽ അഭിവന്ദ്യ പിതാവിന്റെ ഏറെ സഹായമുണ്ട്. സെമിനാരി ഹോസ്റ്റലിലെ ഭൂരിഭാഗം മുറികളും നിർമ്മിക്കാൻ ആവശ്യമായ ദശലക്ഷ കണക്കിന് തുക യൂറോപ്പിൽ നിന്ന് സമാഹരിച്ച് നൽകുവാൻ നേത്യത്വം നൽകി. സെമിനാരിയെ ഒരു ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയായി ഉയർത്തുവാനുള്ള എല്ലാ സഹായങ്ങളും നൽകുകയും ചെയ്തു. സഭയെ സംബന്ധിച്ചിടത്തോളം അഭിവന്ദ്യ പിതാവിന്റെ ദേഹവിയോഗം ഒരു തീരാനഷ്ടമായിരുന്നു.
ആധുനിക സുറിയാനി സഭയുടെ വളർച്ചയിൽ പ്രധാന കാരണഭൂതനായ മോർ യൂലിയോസ് യേശു ശീശക്ക് മെത്രാപ്പോലീത്തയുടെ ജീവിതവും പ്രവർത്തനങ്ങളും മങ്ങാതെ പരിശുദ്ധ സഭയുടെ ചരിത്രത്താളുകളിൽ എക്കാലവും വിളങ്ങിനിൽക്കും എന്നത് തർക്കമറ്റ കാര്യമാണ്. അങ്ങനെ ആ പുണ്യശ്ലോകന്റെ ജീവിതവും പ്രവർത്തനങ്ങളും സുറിയാനി സഭയുടെ മക്കളായ നമുക്ക് ഓരോരുത്തർക്കും പ്രചോദനമായി തീരട്ടെ. അഭിവന്ദ്യ പിതാവിന്റെ ഓർമ്മ ദിനത്തോടനുബന്ധിച്ച് ഇന്ന് വൈദിക സെമിനാരിയിൽ പ്രത്യേകം കുർബാനയും ധൂപ പ്രാർത്ഥനയും നടത്തി. പിതാവിന്റെ ഭാവന സ്മരണയ്ക്ക് മുന്നിൽ പ്രാർത്ഥനയോടെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ.