വന്ദ്യ കണ്ടത്തിൽ തോമസ് കോർ എപ്പിസ്ക്കോപ്പ കർത്താവിൽ നിദ്ര പ്രാപിച്ചു

തൃപ്പൂണിത്തുറ ● മലങ്കര യാക്കോബായ സുറിയാനി സഭയുടെ മുതിർന്ന വൈദികൻ കൊച്ചി ഭദ്രാസനത്തിലെ വന്ദ്യ കണ്ടത്തിൽ തോമസ് കോർ എപ്പിസ്ക്കോപ്പ (87) കർത്താവിൽ നിദ്ര പ്രാപിച്ചു. തൃപ്പൂണിത്തുറ നടമേൽ സെന്റ് മേരീസ് യാക്കോബായ സുറിയാനി റോയൽ മെട്രോപൊളിറ്റൻ പള്ളി ഇടവകാംഗമാണ്. സംസ്കാരം പിന്നീട്.

കണ്ടത്തിൽ ഉലഹന്നാൻ – മറിയം ദമ്പതികളുടെ രണ്ടാമത്തെ മകനായി 1112 മീനം 1 ന് ജനിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം വെങ്ങോല പട്ടലാട്ട് മത്തായി കോർ എപ്പിസ്കോപ്പയുടെ (മൽപ്പാനച്ചൻ ) കീഴിൽ വൈദീക വിദ്യാഭ്യാസം നേടി. 12-10- 1958 ൽ തൃപ്പൂണിത്തുറ നടമേൽ പള്ളിയിൽ വച്ച് കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ പൗലോസ് മോർ സേവേറിയോസ് മെത്രാപ്പോലീത്തയിൽ നിന്നും ശെമ്മാശ പട്ടം സ്വീകരിച്ചു . 1962 ജൂൺ 30 ന് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത വൈദീക പട്ടം നൽകി. 1962 സെപ്തംബർ 14 ന് തൃപ്പൂണിത്തുറ നടമേൽ പള്ളിയിൽ ആദ്യ കുർബ്ബാനയർപ്പണം നടത്തി. 1999 ജനുവരി 19 ന് കരിങ്ങാച്ചിറ സെൻറ് ജോർജ്ജ് കത്തീഡ്രലിൽ വച്ച് കൊച്ചി ഭദ്രാസനാധിപൻ അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത കോറെപ്പിസ്‌കോപ്പ സ്ഥാനത്തേക്കുയർത്തി. മലങ്കര യാക്കോബായ സഭ മാനേജിംഗ് കമ്മിറ്റി അംഗം, സഭ വർക്കിംഗ് കമ്മിറ്റി അംഗം, കൊച്ചി ഭദ്രാസന വൈദീക സെക്രട്ടറി , കൊച്ചി ഭദ്രാസന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സുറിയാനി ആരാധനാക്രമങ്ങളിൽ ഏറെ അവഗാഹമുള്ള കണ്ടത്തിലച്ചൻ മികച്ച സുവിശേഷകനും കൂടിയാണ്.


തൃപ്പൂണിത്തുറ നടമേൽ മൊർത്ത് മറിയം യാക്കോബായ പള്ളിയിൽ 33 വർഷം വികാരിയായി സേവനമനുഷ്ഠിച്ചു. കൂടാതെ ചെറായി സെന്റ് മേരീസ് വലിയ പള്ളി, വൈക്കം സെന്റ് ജോർജ്ജ് പള്ളി, എറണാകുളം സെന്റ് മേരീസ് പള്ളി, വെണ്ണിക്കുളം സെന്റ് ജോർജ്ജ് പള്ളി, കരുവേലിപ്പടി സെന്റ് മേരീസ് ചാപ്പൽ, തുരുത്തിക്കര പള്ളി, പെരുമ്പിള്ളി സെന്റ് ജോർജ്ജ് സിംഹാസനപ്പള്ളി, എരുവേലി സെന്റ് തോമസ് പള്ളി, കുലയറ്റിക്കര സെന്റ് ജോർജ്ജ് പള്ളി, വടകര ഗിരി സീനായ് പള്ളി, കരിങ്ങാച്ചിറ സെന്റ് ജോർജ്ജ് കത്തീഡ്രൽ എന്നീ ദേവാലയങ്ങളിലും വികാരിയായി സേവനം ചെയ്തിട്ടുണ്ട്. 2007 ൽ റിട്ടയർ ചെയ്തു. തൃപ്പൂണിത്തുറയുടെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു അച്ചൻ. വൈ.എം.സി.എ യുടെ മുൻ പേട്രൺ , ലെപ്രസി വെൽഫെയർ സൊസൈറ്റി കമ്മിറ്റിയുടെ ഭാരവാഹി, തൃപ്പൂണിത്തുറ ഗവ. കോളേജിന്റെ സ്ഥാപക കമ്മിറ്റി മെമ്പർ, പ്രഭാത് സ്‌കൂൾ മുൻ ഡയറക്ടർ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വികസന സമിതി അംഗം, പ്രഭാത് ടീച്ചേഴ്സ് ട്രെയിനിങ് സ്‌കൂൾ മുൻ ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.


1975 ൽ തൃപ്പൂണിത്തുറയിൽ ആദ്യമായി എക്യൂമെനിക്കൽ സമ്മേളനത്തിന് അന്നത്തെ കത്തോലിക്കാ ഫൊറോനാ പള്ളി വികാരി റവ. ഫാ.ആന്റ്ണി പുതുശ്ശേരിയുമായി ചേർന്ന് സജീവമായ നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗത്തിന്റെ സർവ്വമത സമ്മേളനങ്ങളിലും സർവമത പ്രാർത്ഥനകളിലും സ്ഥിരം ക്ഷണിതാവായിരുന്നു കണ്ടത്തിലച്ചൻ. ആനപ്രേമിയായ അച്ചൻ തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിനെത്തുന്ന ഗജവീരന്മാരെ കാണുവാനായി ഉത്സവ നാളുകളിൽ മുടക്കം കൂടാതെ അമ്പലത്തിലെ ആനക്കൊട്ടിലിൽ എത്തുന്ന “പള്ളിയിലെ അച്ചൻ” ഉത്സവപ്രേമികൾക്ക് ഒരു കൗതുക കാഴ്ചയായിരുന്നു. പുരാവസ്തുക്കളുടെ ശേഖരണം അച്ചന്റെ പ്രധാന ഹോബിയായിരുന്നു. തൃപ്പൂണിത്തുറയിലെ കോവിലകങ്ങളിലെ അംഗങ്ങളുമായി വലിയ തോതിലുള്ള സൗഹൃദം കണ്ടത്തിലച്ചൻ പുലർത്തിയിരുന്നു. വെങ്ങോല മല്യത്ത് കുടുംബാംഗം പരേതയായ കുഞ്ഞമ്മയാണ് ഭാര്യ. ഫെഡറൽ ബാങ്ക് റിട്ടയേഡ് മാനേജർ റോയ് തോമസ്, റെയ് മോൾ എന്നിവരാണ് മക്കൾ. മരുമക്കൾ – മിനി റോയ് മാങ്കുളത്തിൽ, അഡ്വ. ജോൺ ദാനിയേൽ ഓലപ്പുര. സഹോദരങ്ങൾ – പരേതരായ മേരി, സാറ, പോൾ കണ്ടത്തിൽ.