ശ്രേഷ്ഠ ബാവ കബറടങ്ങിയിരിക്കുന്ന സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബ്ബാനയിൽ ആയിരങ്ങൾ പങ്കെടുത്തു

പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ പുണ്യശ്ലോകനായ ശ്രേഷ്‌ഠ കാതോലിക്ക മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നാലാം ഓർമ്മ ദിനമായ ഇന്ന് ഞായറാഴ്‌ച പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബ്ബാനയിലും കബറിങ്കലെ ധൂപപ്രാർത്ഥനയിലും ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

രാവിലെ 7 മണിക്ക് ആരംഭിച്ച വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് അഭിവന്ദ്യ യൽദോ മോർ തീത്തോസ്, അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ്, അഭിവന്ദ്യ മാത്യൂസ് മോർ അന്തിമോസ് എന്നീ മെത്രാപ്പോലീത്തമാരും, വന്ദ്യ രാജു ചെറുവിള്ളിൽ കോറെപ്പിസ്‌ക്കോപ്പായും റവ. ഫാ. ഗീവർഗ്ഗീസ് തണ്ടായത്ത് കശ്ശീശായും കാർമികത്വം വഹിച്ചു. തുടർന്ന് കബറിങ്കലിൽ നടത്തപ്പെട്ട ധൂപപ്രാർത്ഥനയ്ക്ക് മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ്, പാത്രിയർക്കാ പ്രതിനിധി യു.കെ ആർച്ച് ബിഷപ്പ് മോർ അത്താനാസിയോസ് തോമ ഡേവിഡ് എന്നിവരും നേതൃത്വം നൽകി. ഇന്നത്തെ വി. കുർബ്ബാനയിലും, കബറിങ്കലിലെ ധൂപപ്രാർത്ഥനയിലും സഭാ ഭാരവാഹികളും, നിരവധി വൈദീകരും ഉൾപ്പെടെ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

മലങ്കര സഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിചേർന്നുകൊണ്ടിരിക്കുന്ന വിശ്വാസികൾക്ക് പുണ്യശ്ലോകനായ ശ്രേഷ്‌ഠ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കബറിങ്കൽ പ്രാർത്ഥിക്കുന്നതിന് എല്ലാ സമയത്തും ദൈവാലയത്തിൽ സൗകര്യമുണ്ടായിരിക്കും.