കോടതിവിധിയുടെ പേര് പറഞ്ഞു പള്ളികള്‍ സംഘര്‍ഷഭൂമി ആക്കുവാന്‍ ശ്രമിക്കുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ നിലപാട് അപലപനീയം: യാക്കോബായ സഭ

പുത്തന്‍കുരിശ് ● പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്‍ കീഴില്‍ നിലനില്‍ക്കണമെന്ന സ്ഥാപന ഉദ്ദേശത്തോടും, രജിസ്റ്റര്‍ ചെയ്ത വ്യക്തമായ ഉടമ്പടികളോടും കൂടി ഭരിക്കപ്പെടുന്ന പരി. സഭയുടെ ദൈവാലയങ്ങള്‍ കയ്യേറുവാനുള്ള ശ്രമത്തിലൂടെ പള്ളികളെ സംഘര്‍ഷ ഭൂമിയാക്കി മാറ്റുകയും ഒന്നിന് പുറകെ ഒന്നൊന്നായി പള്ളികള്‍ക്കെതിരെ തങ്ങളുടെ സാമ്പത്തീക ഹുങ്കില്‍ വ്യവഹാരങ്ങള്‍ നടത്തുകയും, കോടതി വിധികള്‍ സമ്പാദിച്ച് സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പള്ളികളില്‍ സംഘര്‍ഷം സൃഷ്ടിക്കുവാനുള്ള മറുവിഭാഗത്തിന്റെ നിലപാട് അപലനീയമാണെന്ന് യാക്കോബായ സഭ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

ഓരോ സ്ഥലത്തേയും സാധാരണക്കാരായ വിശ്വാസികള്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടക്കിയും, കഠിനാധ്വാനത്തിലൂടെയും, കഷ്ടപ്പാടിലൂടെയും ആരാധനാലയങ്ങള്‍ സ്ഥാപിക്കുന്നത് തങ്ങളുടെ വിശ്വാസ ആചാരങ്ങള്‍ക്കനുസൃതമായി ആരാധന നടത്തുവാന്‍ വേണ്ടിയാണ്. അങ്ങനെ സ്ഥാപിച്ച പള്ളികളുടെ സ്ഥാപന ഉദ്ദേശത്തെ അംഗീകരിക്കാതെ ബഹുഭൂരിപക്ഷം വരുന്ന ഇടവക ജനങ്ങളെ പള്ളിയില്‍ നിന്നും ഇറക്കിവിട്ടുകൊണ്ട് ചുരുക്കംചില വ്യക്തികള്‍ക്കായി പള്ളികള്‍ കൈയ്യടക്കുന്നത് ദൈവീക നീതിക്ക് എതിരാണ്.

സ്വഭാവീക നീതി നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഇത്തരം പ്രവര്‍ത്തികള്‍ ഉടമസ്ഥരായ സഭാവിശ്വാസികള്‍ക്കെതിരും, പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നതുമാണ്. പള്ളികള്‍ കയ്യേറിയതിനുശേഷം വിശ്വാസികളുടെ പൂര്‍വ്വികന്മാര്‍ അന്തിയുറങ്ങുന്ന സെമിത്തേരികളില്‍ ശവസംസ്‌ക്കാരം പോലും തടസ്സപ്പെടുത്തുന്ന മനുഷ്യത്വരഹിതമായ ഹീനനടപടികള്‍ ഉണ്ടായി. കേരളീയ സമൂഹം ഇതിനെതിരെ ശക്തമായി രംഗത്ത് വന്ന സാഹചര്യത്തില്‍ ബഹു. കേരള ഗവണ്‍മെന്റ് പാസാക്കിയ സെമിത്തേരി ബില്ലിലൂടെ സഭാ വിശ്വാസികള്‍ക്ക് സെമിത്തേരികളില്‍ പ്രവേശിക്കുവാനും, അവരുടെ പൂര്‍വ്വികരുടെ കല്ലറകളില്‍ തിരികള്‍ തെളിയിക്കുവാനും, പ്രാര്‍ത്ഥിക്കുവാനുമുള്ള സാഹചര്യമുണ്ടായി. ഈ നിയമം നിലനില്‍ക്കെത്തന്നെയാണ് മലങ്കര സഭയിലെ വിവിധ പള്ളികളില്‍ വിശ്വാസികള്‍ക്ക് സ്വതന്ത്രമായി സെമിത്തേരികളില്‍ പ്രവേശിക്കുവാനോ, അവരുടെ പൂര്‍വികരുടെ കല്ലറകളില്‍ തിരികള്‍ തെളിയിക്കുവാനോ, പ്രാര്‍ത്ഥിക്കുവാനോ സാധ്യമാകാത്തവിധം ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്ന നടപടികള്‍ ഇപ്പോള്‍ ഓരോദിവസവും കൂടിവരുന്നു. ഇതില്‍ നിന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം പിന്മാറണമെന്ന് സഭാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കൊല്ലം ഭദ്രാസനത്തിലെ പറക്കോട് മോര്‍ അഫ്രേം യാക്കോബായ പള്ളി വര്‍ഷങ്ങളായി വ്യവഹാരത്തിലാണ്. ഇതുസംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കെതന്നെ കഴിഞ്ഞദിവസം ഓര്‍ത്തഡോക്‌സ് വിഭാഗം ആ പള്ളി പൂര്‍ണ്ണമായും പൊളിച്ചു കളഞ്ഞത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയും കോടതി അലക്ഷ്യവും ആണെന്നും ഇത്തരം നടപടികള്‍ തുടരാന്‍ ഇനി അനുവദിക്കുകയില്ലെന്നും, ഈ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം ആണെന്നും യാക്കോബായ സഭാ ഭാരവാഹികള്‍ പറഞ്ഞു.

നൂറുവര്‍ഷം പഴക്കമുള്ള സഭാ തര്‍ക്കം ഇപ്പോള്‍ ഏറെ കലുഷിതമായ അന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നത്. സംസ്ഥാന ഗവണ്‍മെന്റിന്റെ ഖജനാവില്‍ നിന്നും പൊതുസമൂഹത്തിന് പ്രയോജനപ്പെടേണ്ട കോടിക്കണക്കിന് രൂപയാണ് ഈ കാര്യങ്ങള്‍ക്കായി ചെലവാക്കേണ്ടി വരുന്നത്. ഇതിന് അറുതി വരുത്തുവാനും സഭാ തര്‍ക്കം ശാശ്വതമായി പരിഹരിക്കുവാനും ബഹു കേരള ഗവണ്‍മെന്റ് സത്വര നടപടികള്‍ എടുക്കണമെന്ന് സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി റവ. ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാന്‍ഡര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ്. സി. മാത്യു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ജെ.എസ്.സി ന്യൂസ്
പുത്തൻകുരിശ് പാത്രിയർക്കാസെന്റർ

  • Related Posts

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…

    അഖില മലങ്കര ആരാധന ഗീത മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ ഫെബ്രുവരി 16 ന്

    പെരുമ്പള്ളി ● ‘മലങ്കരയുടെ മണിനാദം’ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് തിരുമേനി രചിച്ച ഗാനങ്ങളുടെ ശ്രുതി മധുരമായ ആലാപന മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ അഖില മലങ്കര തലത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച…

    Leave a Reply

    Your email address will not be published. Required fields are marked *