കോതമംഗലം ● യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തായും അങ്കമാലി ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മോർ സേവേറിയോസ് എബ്രാഹാം മെത്രാപ്പോലീത്തായ്ക്ക് വി. കന്തീല ശുശ്രൂഷ നടത്തി. 1982 ൽ അദ്ദേഹം മേല്പട്ടസ്ഥാനം സ്ഥാനം സ്വീകരിച്ച കോതമംഗലം മാർതോമ ചെറിയ പള്ളിയിലായിരുന്നു ഭക്തിനിർഭരമായ വി. കന്തീല ശുശ്രൂഷ. കന്തീല എന്ന വാക്കിനു തിരി (candles) എന്നാണർത്ഥം. അഞ്ചു തിരികൾ ഉപയോഗിച്ചുള്ള ശുശ്രൂഷ ആകയാൽ ആ പേര് ലഭിച്ചു. സാമാന്യമായ അർത്ഥത്തിൽ കന്തീല ശുശ്രൂഷ വിപുലീകരിക്കപെട്ട തൈലാഭിഷേക കൂദാശയാണ്. പാപമോചനത്തിനും രോഗശാന്തിയ്ക്കുമായും ഇത് നടത്തപ്പെടുന്നു. ഇതു അന്ത്യകൂദാശ അല്ല. സുറിയാനി പാരമ്പര്യത്തിൽ അന്ത്യകൂദാശ എന്ന ഒരു കൂദാശയും ഇല്ല.
ഏകദേശം ഒന്നര ഇടങ്ങഴി ഗോതമ്പുപൊടി കുഴച്ചുവയ്ക്കണം. കുഴച്ച മാവ് ഒരു കുഴിവുള്ള പ്ലേറ്റിൽ മുക്കാൽ ഇഞ്ച് കനത്തിൽ നിരത്തി ആ പാത്രത്തിന്റെ ആകൃതിയിൽ വരുത്തണം. അഞ്ചു തിരികൾ വേണം. ഒരു ഇഞ്ച് നീളമുള്ള ഈർക്കിൽ കമ്പിൽ പഞ്ഞി ചുറ്റി മുൻപ് പറഞ്ഞ പാത്രത്തിൽ കുരിശാകൃതിയിൽ കുത്തി വയ്ക്കണം. പാത്രത്തിൽ ഒഴിക്കുവാനായി സൈത്തെണയും കരുതണം. ഒരു ഉയർന്ന പ്ലാറ്റ്ഫോം ക്രമീകരിക്കണം. അതിൽ ഒരു മേശ ക്രമീകരിക്കുകയും മേശയിൽ ഈ പാത്രവും അതിന്റെ മുൻപിൽ ഒരു കുരിശും ഇരു വശങ്ങളിലും ഓരോ മെഴുകുതിരിയും മറ്റൊരു ഭാഗത്ത് ഏവൻഗേലിയോൻ പുസ്തകവും ക്രമീകരിക്കണം. രോഗി മേശയുടെ വടക്കുവശത് ഇരിക്കുകയോ കിടക്കുകയോ ചെയ്യാം.
അഞ്ചു ശുശ്രൂഷകൾ ഉണ്ട്. ഒന്നാം ശുശ്രൂഷ ആരംഭിക്കുമ്പോൾ പ്രധാന കാർമികൻ സൈത്തെണ പാത്രത്തിൽ ഒഴിക്കുന്നു. ഏറ്റവും കിഴക്കുവശത്തുള്ള തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് രോഗിയുടെ നെറ്റിയിൽ കുരിശു വരയ്ക്കുന്നു. ഹൂത്തോമോ ചൊല്ലി ഒന്നാം ശുശ്രൂഷ അവസാനിപ്പിക്കുന്നു. രണ്ടാം ശുശ്രൂഷ ആരംഭിക്കുമ്പോൾ മദ്ധ്യഭാഗത്തെ തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് രോഗിയുടെ നെറ്റിയിലും നെഞ്ചിലും കുരിശു വരയ്ക്കുന്നു. മൂന്നാം ശുശ്രൂഷ ആരംഭിക്കുമ്പോൾ പടിഞ്ഞാറേ തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് രോഗിയുടെ നെറ്റിയിലും നെഞ്ചിലും കാൽമുട്ടുകളിലും കുരിശു വരയ്ക്കുന്നു. നാലാം ശുശ്രൂഷ ആരംഭിക്കുമ്പോൾ വടക്ക് വശത്തെ തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് നെറ്റിയിലും നെഞ്ചിലും കാൽമുട്ടുകളിലും കൈവെള്ളകളിലും കുരിശു വരയ്ക്കുന്നു. അഞ്ചാം ശുശ്രൂഷ ആരംഭിക്കുമ്പോൾ തെക്കേ തിരി കത്തിക്കുന്നു. പ്രാർത്ഥനകളുടെ അവസാനത്തിൽ ത്രിത്വനാമത്തിൽ റൂശ്മ ചെയ്തുകൊണ്ട് നെറ്റിയിലും നെഞ്ചിലും കാൽമുട്ടുകളിലും കൈവെള്ളകളിലും കുരിശു വരയ്ക്കുന്നു.
അത് കഴിഞ്ഞു ചെവികൾ കണ്ണുകൾ ആദിയായ സ്ഥലങ്ങളിലും കുരിശു വരയ്ക്കുന്നു. പിന്നീട് എല്ലാ സഹകാർമികരും രോഗിയുടെ തലയ്ക്കൽ വന്നു നിൽക്കണം. ഒരാൾ ഏവൻഗേലിയോനും കുരിശും രോഗിയുടെ തലയ്ക്കൽ പിടിക്കണം. പട്ടക്കാർ തങ്ങളുടെ വലതുകൈ രോഗിയുടെ തലയ്ക്കൽ പിടിക്കുന്നു; പ്രധാനകാർമികൻ ഹൂത്തോമോ പ്രാർഥന നടത്തുന്നു; അതിനു ശേഷം വിശ്വാസപ്രമാണവും ദൈവമാതാവിന്റെയും പരിശുദ്ധന്മാരുടെയും കുക്കലിയോനും ചൊല്ലി ശുശ്രൂഷ അവസാനിപ്പിക്കുന്നു. ശുശ്രൂഷയുടെ അവസാനം അധികം വന്ന സൈത്ത് പട്ടക്കാർ പരസ്പരം പൂശുകയും പിന്നീട് ജനങ്ങളെ പൂശുകയും ചെയ്യുന്നു. മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡൻ്റുമായ അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു. കോതമംഗലം മേഖലാ മെത്രാപ്പോലീത്ത മോർ യൂലിയോസ് ഏലിയാസ്, പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മാത്യൂസ് മോർ ഈവാനിയോസ്, യൂഹാനോൻ മോർ മിലിത്തിയോസ്, കുര്യാക്കോസ് മോർ ദിയസ്കോറോസ്, ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, മാത്യൂസ് മോർ തേവോദോസിയോസ്, മാത്യൂസ് മോർ അപ്രേം, മർക്കോസ് മോർ ക്രിസോസ്റ്റമോസ്, ഏലിയാസ് മോർ അത്താനാസിയോസ്, യാക്കോബ് മോർ അന്തോണിയോസ്, സഖറിയാസ് മോർ പീലക്സിനോസ്, തോമസ് മോർ അലക്സന്ത്രയോസ്, ഡോ. മാത്യൂസ് മോർ അന്തിമോസ്, മാത്യൂസ് മോർ തീമോത്തിയോസ്, ഗീവർഗീസ് മോർ സ്തേഫാനോസ് എന്നിവർ സഹകാർമികരായി. കോറെപ്പിസ്കോപ്പാമാർ, റമ്പാൻമാർ, വൈദീകൾ, സിസ്റ്റേഴ്സ് ആയിരക്കണക്കിന് വിശ്വാസികൾ എന്നിവർ സംബന്ധിച്ചു. മാർതോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, ഫാ. ജോസ് തച്ചേത്ത് കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ,സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര,എബി ചേലാട്ട്, ബിനോയി മണ്ണൻചേരിൽ, ഡോ. റോയി മാലിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.