ചില മനുഷ്യർ അങ്ങനെയാണ്, കാലത്തിനു മുമ്പേ നടന്നവർ, വഴി അറിയാതെ പകച്ചു നിന്നവർക്ക് വഴിയിൽ വെളിച്ചമായവർ, അവരുടെ ജീവിതം അത്രമേൽ കഠിനവും ഭാരമേറിയതുമാണ്. അതുപ്പോലെ ഒരു ജീവിതമായിരുന്നു ശ്രേഷ്‌ഠ ബാവായുടേതും. മഹത്വത്തിന്റെ താബോറും സഹനത്തിന്റെ കാൽവരിയും ഒരുപോലെ കണ്ട ജീവിതം. ഒരു വലിയ സമൂഹത്തെ ഒരു കോഴിയമ്മ തന്റെ കുഞ്ഞുകളെ ചിറകിൽ കീഴിൽ കാത്തു സംരക്ഷിക്കുന്നതുപോലെ തന്റെ നേതൃഗുണത്താൽ ചേർത്തു നിർത്തിയ മനുഷ്യസ്‌നേഹി. വേനലും മഴയും രാവും പകലുമൊന്നും ഈ മനുഷ്യന് തന്റെ ജനത്തിനുവേണ്ടി മാറ്റിവെക്കുന്നതിന് തടസ്സമായില്ല. എല്ലാക്കാലവും ഒരു വലിയ സഭാസമൂഹം ഈ മനുഷ്യനു പിന്നിൽ ആർത്തു വിളിച്ചുവെങ്കിൽ ആ ജീവിതം എത്രയേറെ ശ്രേഷ്‌ഠമായിരുന്നു.
ഇടയന്റെ വിളിക്ക് കാതു കൊടുക്കുന്ന ഒരു ആട്ടിൻകൂട്ടം അദ്ദേഹത്തെ എന്നും കർമ്മഭരിതനാക്കിയിരുന്നു. ഒരു സഭാഗാത്രത്തിനുമേൽ ഇത്രയും മനോഹരമായി പുഷ്പ്പിച്ച മറ്റൊരു പനിനീർ പുഷ്പ്പത്തെ കാണുവാൻ പ്രയാസമാണ്. മോശയുടെ ജീവിതം ഒരു വലിയ സമൂഹത്തിന്റെ അതിജീവിതത്തിന്റെ ചരിത്രം കൂടി രചിക്കുന്നു. അതുപോലെ ഈ ജീവിതവും സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ എല്ലാക്കാലത്തും നടന്ന ഒരു സഭാസമൂഹത്തിന്റെ തിരനോട്ടമായി മാറുന്നു. ക്രിസ്‌തു വിഭാവനം ചെയ്‌ത രക്ഷയുടെ തുറമുഖത്തു സഭാനൗകയെ എത്തിക്കുവാൻ ആ കരങ്ങൾ അത്രമേൽ ശക്തമായിരുന്നു.
ശാരീരിക അസ്വസ്ഥതകൾ, പ്രായത്തിന്റെ അവശതകൾ, ഓർമ്മയുടെ വാതായനങ്ങൾ നൽകുന്ന പരിമിതികൾ ഇവയെല്ലാം വെല്ലുവിളികൾ ആയപ്പോളും, അവയെല്ലാം ലജ്ജിപ്പിക്കുമാറെ തീക്ഷണതയുള്ള ഒരു മുഖവും ഉജ്ജലമായ ആത്‌മീയ ആവേശവും പ്രശോഭിതമായി നിന്ന ആ മനുഷ്യജീവിതം എത്രത്തോളം കർമ്മപൂരിതമായിരുന്നു എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കും.
ഇടയൻ എന്ന നിലയിൽ തന്റെ ആടുകളുടെ ശബ്‌ദം കേൾക്കുകയും അവരുടെ പച്ചയായ ജീവിതസാഹചര്യങ്ങളെ മനസ്സിലാക്കി, അവരിൽ ഒരാളായി ജീവിക്കുക എന്നത് ആധുനിക ഇടയത്വജീവിതത്തിന്റെ വലിയ വെല്ലുവിളിയാണ്.ഒരുപക്ഷെ ആ വെല്ലുവിളി അദ്ദേഹം ഏറ്റവും മനോഹരമായി തരണം ചെയ്‌തതുകൊണ്ടാകാം ആ ജീവിതം അത്രമേൽ ആഘോഷിക്കപ്പെടുന്നതിന്റെ കാരണം.
റോബർട്ട് ഫ്രോസ്റ്റിന്റെ വരികൾ പോലെ “The woods are lovely, dark and deep, But I have promises to keep, And miles to go before I sleep, And miles to go before I sleep”, തൊണ്ണൂറ്റിയഞ്ചിന്റെ നിറവിലും ക്രിസ്‌തു സഭയുടെ സംരക്ഷണദൗത്യം ഏറ്റെടുത്ത ആ മുന്നണി പോരാളിയുടെ ജീവിതം എല്ലാക്കാലവും ആഘോഷിക്കപ്പെടുക തന്നെ ചെയ്യും. ആ പ്രശോഭിത ജീവിതയാത്ര അനേകർക്ക് ആത്മവിശ്വാസം നൽകുന്ന പാഠപുസ്‌തകമായി അനുസ്യൂതം തുടർന്നുകൊണ്ടിയിരിക്കും, പ്രത്യാശയുടെ കാനാൻ നാട്ടിലോട്ട് തന്റെ ജനത്തെ എത്തിക്കുവാൻ ഇത്രമേൽ ഭാരപ്പെട്ട ആ ജീവിതവും യാത്രയും എത്രയോ മനോഹരമായിരുന്നു.
ആധുനിക യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ ശിൽപ്പിയും കപ്പിത്താനുമായ ആ പുണ്യ ജീവിതം അനേക മനസ്സുകൾക്ക് സ്വതബോധത്തിന്റെയും വിശ്വാസസ്ഥിരതയുടെയും പ്രോത്സാഹനമായിരുന്നു. ശ്രേഷ്‌ഠമായ ആരാധനയും നേതൃപാടവവും സാധാരണക്കാരന്റെ ഭാഷാശൈലിയും അദ്ദേഹത്തെ കൂടുതൽ ജനകീയനാക്കിയ ഘടങ്ങലായിരുന്നു.സുറിയാനി സഭയുടെ ഇതിഹാസമായി ആ ജീവിതം എന്നും എക്കാലവും നിലനിൽക്കും.
“പള്ളി കരഞ്ഞു, മദ്ബഹാ ദുഃഖിച്ചു, നിൻ ശിഷ്യൻമാർ വ്യസനത്തിൽ മുഴുകി”
മലങ്കരയുടെ ശ്രേഷ്ഠ മഹാപുരോഹിതന് കണ്ണുനീരോടെ യാത്രാമൊഴികൾ. ശ്രേഷ്‌ഠ പിതാവേ അങ്ങ് സമാധാനത്തോടെ പോയാലും,സന്തോഷ മണവറയിൽ നാഥൻ അങ്ങയെ ചേർത്തുകൊള്ളട്ടെ🙏💔
ജെ.എസ്.സി ന്യൂസ്
എഡിറ്റോറിയൽ ബോർഡ്,
പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ