സ്നേഹത്തണലിൽ ജോസ്മിയും അപ്പൂപ്പനും; ശ്രേഷ്ഠ ബാവായുടെ സ്മരണാർത്ഥം ഒരുക്കിയ സുരക്ഷിത ഭവനത്തിന്റെ താക്കോൽ മലങ്കര മെത്രാപ്പോലീത്ത കൈമാറി

പെരുമ്പാവൂർ ● പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ സ്മരണാർത്ഥം ഓടക്കാലി സ്വദേശി ജോസ്മിക്ക് ഒരുക്കിയ സുരക്ഷിത ഭവനം മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത കൂദാശ നടത്തി താക്കോൽ ദാനം നിർവ്വഹിച്ചു.

ബി.എസ്‌.സി. നഴ്‌സിങ് വിദ്യാർഥിനിയാണ് ജോസ്‌മി. അശമന്നൂർ പഞ്ചായത്തിലെ ഓടയ്ക്കാലി കുരീക്കൻ പാറയിൽ കൊട്ടാരത്തുംകുടി വീട്ടിൽ ജോസ്മിയുടെ ജീവിത വ്യഥകൾ ‘മാതൃഭൂമി’യിലൂടെയാണ് കഴിഞ്ഞ ജനുവരിയിൽ പുറംലോകം അറിഞ്ഞത്.

ഒന്നരവയസ്സുള്ളപ്പോൾ മാതാപിതാക്കൾ ഉപേക്ഷിച്ചു പോയ ജോസ്മി പിന്നീട് അമ്മയുടെ മാതാപിതാക്കളുടെ
സംരക്ഷണയിലായിരുന്നു. ഏഴ് കൊല്ലം മുൻപ് അമ്മൂമ്മ പക്ഷാ ഘാതം പിടിപെട്ട് മരിച്ചു. നിത്യ രോഗിയായ അപ്പൂപ്പൻ ജോർജിനൊപ്പം രണ്ട് സെന്റ് സ്ഥലത്തെ ഒറ്റമുറി വീട്ടിലായിരുന്നു താമസം. ജോസ്മി പഠിച്ചിരുന്ന ഓടയ്ക്കാലി ഗവ. വി.എച്ച്.എസ്.എസ്. സ്കൂളിലെ സ്റ്റുഡന്റ്സ് കൗൺസിലർ നിഷ ഏലിയാസാണ് ജോസ്‌മിയുടെ കുടുംബ സാഹചര്യങ്ങൾ ‘മാതൃഭൂമി’യുടെ ശ്രദ്ധയിൽപ്പെടുത്തിയത്. മാതൃഭൂമി പത്രത്തിലൂടെ കുടുംബത്തിന്റെ ദുരവസ്ഥ ബോധ്യപ്പെട്ട മലങ്കര മെത്രാപ്പോലീത്ത അടുത്ത ദിവസം തന്നെ കുരീക്കൻപാറയിലെത്തി യാക്കോബായ സുറിയാനി സഭ പുതിയ വീട് നിർമ്മിച്ചു നൽകുമെന്ന് അറിയിച്ചു. 10 മാസത്തിനകം 585 സ്ക്വയർ ഫീറ്റിൽ പുതിയ വീട് നിർമാണം പൂർത്തിയാക്കി.

കൂദാശയിലും താക്കോൽ കൈമാറ്റച്ചടങ്ങിലും മൂവാറ്റുപുഴ മേഖലാധിപൻ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, വന്ദ്യ വർഗീസ് തെക്കേക്കര കോർ എപ്പിസ്കോപ്പ, ഫാ. ജോഷി ചിറ്റേത്ത്, ഫാ. ജോസ് പരുത്തുവേലിൽ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, സഭ വർക്കിങ് കമ്മിറ്റി അംഗം എൽദോസ് എം. ബേബി, ഓടക്കാലി പള്ളി ട്രസ്റ്റിമാരായ റോയ് മേനോത്തുമാലി, ടോമി മേക്കമാലി, അശമന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി ഐസക്, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കോതമംഗലം ചെറിയ പള്ളി ട്രസ്റ്റിമാർ, ഓടക്കാലി പള്ളി കമ്മിറ്റി അംഗങ്ങൾ, കോൺട്രാക്ടർ ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ ജന്മദിനത്തോടനുബന്ധിച്ച് സുരക്ഷിത ഭവനപദ്ധതി പ്രകാരം നിർമിച്ച നാല് വീടുകളുടെ കൂദാശയും താക്കോൽദാനവും നിർവ്വഹിച്ചിരുന്നു. വർഷങ്ങളായി ആഘോഷങ്ങൾ ഒഴിവാക്കി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയാണ് അഭിവന്ദ്യ മെത്രാപ്പോലീത്ത ജന്മദിനം ആഘോഷിക്കുന്നത്. തന്നെ ഏറെ സ്നേഹിച്ച ശ്രേഷ്ഠ ബാവയുടെ വേർപാടിന്റെ ദുഃഖാചരണമായതിനാൽ മലങ്കര മെത്രാപ്പോലീത്ത ജന്മദിനാഘോഷങ്ങൾ പൂർണ്ണമായി ഒഴിവാക്കിയിരുന്നു.

  • Related Posts

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…

    അഖില മലങ്കര ആരാധന ഗീത മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ ഫെബ്രുവരി 16 ന്

    പെരുമ്പള്ളി ● ‘മലങ്കരയുടെ മണിനാദം’ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് തിരുമേനി രചിച്ച ഗാനങ്ങളുടെ ശ്രുതി മധുരമായ ആലാപന മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ അഖില മലങ്കര തലത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച…