പുത്തൻകുരിശ് ● നിറപുഞ്ചിരിയുമായി കുട്ടികളെ എന്നും ചേർത്തു പിടിക്കുകയും സ്നേഹ സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുകയും ചെയ്തിരുന്ന തങ്ങളുടെ സ്നേഹ പിതാവിന് സമ്മാനങ്ങളുമായി കുട്ടികളെത്തി. പുണ്യശ്ലോകനായ ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥനകളോടെ കുട്ടികൾ പുഷ്പങ്ങൾ സമർപ്പിച്ചു. ശ്രേഷ്ഠ ബാവായുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചിരുന്ന ആദ്യകാല സ്ഥാപനങ്ങളിൽ ഒന്നായ പുത്തൻകുരിശ് മാർ അത്തനേഷ്യസ് മെമ്മോറിയൽ (എം.എ.എം) ഹയർസെക്കൻഡറി സ്കൂളിലെ 750 ൽപരം വിദ്യാർത്ഥികളാണ് ഫാ. ഷാജി വർഗ്ഗീസ്, സിസ്റ്റർ യോഹന്ന എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകർക്കൊപ്പം പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ കബറിങ്കൽ തങ്ങളുടെ ബാവാ തിരുമേനിയ്ക്ക് പ്രാർത്ഥനാഞ്ജലികൾ സമർപ്പിച്ചത്.
പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായുടെ കബറിങ്കൽ നടന്ന പ്രാർത്ഥനയിൽ പങ്കു ചേർന്നാണ് കുട്ടികൾ മടങ്ങിയത്. മൂവാറ്റുപുഴ മേഖലാധിപൻ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സഭാ ഭാരവാഹികൾ, വൈദികർ, വിശ്വാസികൾ എന്നിവർ സന്നിഹിതരായിരുന്നു.