ന്യൂഡല്‍ഹി ● യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവന്‍ ശ്രേഷ്ഠ ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ ദേഹവിയോഗത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
ശ്രേഷ്ഠ ബാവായുടെ വിയോഗം വളരെ ദുഃഖകരമാണെന്നും ബാവായുടെ നഷ്ടം ഒരിക്കലും നികത്താനാവാത്ത ശൂന്യതയാണ് സമൂഹത്തില്‍ അവശേഷിപ്പിക്കുന്നതെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. അഗാധമായ ആത്മീയ അറിവും ജ്ഞാനവും അനുകമ്പ നിറഞ്ഞ ഹൃദയവും കൊണ്ട് അനുഗ്രഹീതനായിരുന്നു ശ്രേഷ്ഠ ബാവ. നിസ്വാര്‍ത്ഥ മനോഭാവത്തോടെ ജനങ്ങളെ സേവിക്കുവാന്‍ സമര്‍പ്പിതനായി നിലകൊണ്ട അദ്ദേഹം പതിറ്റാണ്ടുകളായി സഭയ്ക്കും സമൂഹത്തിനും പ്രചോദനാത്മകമായ നേതൃത്വം നല്‍കിക്കൊണ്ട് വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചു. പ്രതിസന്ധികള്‍ നിറഞ്ഞ സമയങ്ങളില്‍ യാക്കോബായ സുറിയാനി സഭയെ ഐക്യത്തോടെയും ശക്തിയോടെയും സംരക്ഷിച്ച് അദ്ദേഹം നിലനിര്‍ത്തിയെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ രേഖപ്പെടുത്തി.
സാമൂഹിക സംരംഭങ്ങളെ അദ്ദേഹം സജീവമായി പ്രോത്സാഹിപ്പിക്കുകയും സമൂഹത്തില്‍ ശക്തമായ അവബോധം വളര്‍ത്തുകയും ചെയ്തു. ശ്രേഷ്ഠ ബാവ അവശേഷിപ്പിച്ച പൈതൃകം ജനങ്ങളെ, പ്രത്യേകിച്ച് യുവതലമുറയെ സമൂഹത്തെയും രാഷ്ട്രത്തെയും സേവിക്കുന്നതിന് വഴികാട്ടിയായി തുടരുമെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ, മെഡിക്കല്‍ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമവും പ്രതിബദ്ധതയും ജനങ്ങള്‍ എന്നും സ്മരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ശ്രേഷ്ഠ ബാവ പകര്‍ന്നു നല്‍കിയ മൂല്യങ്ങള്‍ ജനങ്ങളെ പ്രചോദിപ്പിക്കുമെന്നും അനേകം ജീവിതങ്ങളെ സ്പര്‍ശിച്ച അദ്ദേഹം ഏവരുടെയും ഹൃദയത്തില്‍ ജീവിക്കുമെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു. തന്റെ ഹൃദയംഗമമായ അനുശോചനവും സ്മരണകളും യാക്കോബായ സുറിയാനി സഭയിലെ എല്ലാവരോടും കൂടെയുണ്ടെന്നും ശ്രേഷ്ഠ ബാവായുടെ ദേഹവിയോഗത്തിലൂടെ ഉണ്ടായിരിക്കുന്ന വേദനാജനകമായ നഷ്ടം സഹിക്കുന്നതിനുള്ള ശക്തിയും ധൈര്യവും ഓരോരുത്തര്‍ക്കും ലഭിക്കട്ടെയെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിലൂടെ പറഞ്ഞു.