പൂത്തൃക്ക ● കണ്ടനാട് ഭദ്രാസനത്തിലെ പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ 93-ാമത് പ്രധാനപ്പെരുന്നാളും മോർ സ്തേഫാനോസ് സഹദായുടെ ഓർമ്മയും സംയുക്തമായി ആരംഭിച്ചു. പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 1 ബുധനാഴ്ച വി. കുർബ്ബാനാനന്തരം വികാരി ഫാ. പൗലോസ് പുതിയാമഠത്തിൽ കൊടി ഉയർത്തി. പെരുന്നാൾ ദിവസങ്ങളിൽ വിശുദ്ധ കുർബ്ബാന, സന്ധ്യാപ്രാർത്ഥന തുടർന്ന് 18-ാമത് പൂത്തൃക്ക കൺവെൻഷൻ ‘മെറ്റനോയിയ’ എന്നിവ നടത്തപ്പെട്ടു.
ജനുവരി 4 ശനി വൈകിട്ട് 7 മണിക്ക് സണ്ടേസ്കൂൾ വാർഷികം ജനുവരി 5 ഞായർ വൈകിട്ട് 7 മണിക്ക് ഇടവക സംഗമവും കുടുംബ യൂണിറ്റ് വാർഷികവും ജനുവരി 6 തിങ്കൾ വൈകിട്ട് 7 മണിക്ക് കുടുംബനവീകരണ ധ്യാനം എന്നിവ നടന്നു.
പെരുന്നാൾ ദിവസമായ ജനുവരി 7 ചൊവ്വ രാവിലെ 6.30 ന് പ്രഭാത നമസ്ക്കാരവും 7 മണിക്ക് വിശുദ്ധ കുർബ്ബാനയും നടക്കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന സന്ധ്യാപ്രാർത്ഥനയ്ക്ക് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. തുടർന്ന് 8.30 ന് പ്രദക്ഷിണവും 10.30 ന് ആശിർവാദം, നേർച്ച സദ്യ എന്നിവ ഉണ്ടാകും.
പ്രധാനപ്പെരുന്നാൾ ദിനമായ ജനുവരി 8 ബുധൻ രാവിലെ 7:30 ന് പ്രഭാത നമസ്കാരം 8:30 ന് മൈലാപ്പൂർ, ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ മോര്‍ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന എന്നിവ നടക്കും. 11 ന് പ്രദക്ഷിണം, ആശിർവാദം, നേർച്ച സദ്യ എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
വികാരി ഫാ.പൗലോസ് പുതിയാമഠത്തിൽ, പ്രസിഡന്റ് ഡോ. ബെനോജ് മാത്യു, സെക്രട്ടറി സിനോൾ വി. സാജു, ട്രഷറർ അനിൽ കുര്യൻ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകും. യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ പെരുന്നാൾ ശുശ്രൂഷകൾ തൽസമയ സംപ്രേഷണം ചെയ്യും.