കോതമംഗലം ● ജാർഘണ്ഡിലെ റാഞ്ചിയിൽ നടന്ന ദേശീയ സ്കൂൾ കായികമേളയിൽ സീനിയർ പോൾവാൾട്ടിൽ കേരളത്തിന് സ്വർണ്ണം സമ്മാനിച്ച് ജീന ബേസിൽ നാടിന്റെയും സഭയുടെയും അഭിമാനമായി. കോതമംഗലം മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ജീന ബേസിൽ.
കോതമംഗലം മേഖലയിലെ തലക്കോട് ബേത്ലഹേം വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി പള്ളി ഇടവകയിൽ കവളങ്ങാട് പുത്തൻകുരിശ് പുതുപ്പാടിയിൽ കർഷകനായ ബേസിൽ വർഗ്ഗീസിന്റെയും മഞ്ജുവിന്റെയും മകളാണ് ജീന. സഹോദരി ജിനിയ സേലത്ത് നഴ്സിംഗ് വിദ്യാർത്ഥിയാണ്.
സംസ്ഥാന സ്കൂൾ കായിക മേളയിലും പോൾ വാൾട്ടിൽ റെക്കോർഡ് നേട്ടത്തോടെയാണ് ജീന സ്വർണ്ണം കൈവരിച്ചത്. ഇല്ലായ്മകളിലും ജീവിതത്തിലെ പ്രതിസന്ധികളെ ജീന ഉയർന്ന് ചാടി തോൽപ്പിച്ചിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ജീനയുടെ കായിക മികവ് കണ്ടറിഞ്ഞ മോർ ബേസിൽ സ്കൂൾ മാനേജ്മെന്റ് ജീനയെ ഏറ്റെടുക്കുകയായിരുന്നു. മോർ ബേസിൽ സ്കൂൾ കായിക അധ്യാപിക ഷിബി മാത്യുവിന്റെ പരിശീലനത്തിൽ സംസ്ഥാനതലത്തിൽ ലോങ്ജമ്പിലും ഹർഡിൽസിലും ജീന മൂന്നാമതെത്തിയിട്ടുണ്ട്. പിന്നീട് പോൾവാൾട്ടിലെ കഴിവുകൾ തിരിച്ചറിഞ്ഞ കായികാധ്യാപകൻ പി.ആർ മധു പരിശീലനം ഏറ്റെടുത്തു.
സംസ്ഥാന സ്കൂൾ മീറ്റിൽ ഇതിനോടകം ജീന നാലു തവണ സുവർണ നേട്ടം കൈവരിച്ചു. ബീഹാറിലെ പട്നയിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിലും ജീന സ്വർണം നേടിയിട്ടുണ്ട്.
ദേശീയ സ്കൂൾ കായികമേളയിൽ കേരളത്തിന്റെ യശസ്സ് ഉയർത്തിയ ജീനയുടെ അഭിമാനകരമായ നേട്ടത്തിൽ മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അഭിനന്ദിച്ചു.