മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു.
1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ ബാഹ്യകേരള ഭദ്രാസനാധിപനായിരുന്നു പുണ്യശ്ലോകനായ തോമസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത. 1979 ഏപ്രിൽ 19 ന് വെള്ളൂർ സെന്റ് സൈമൺസ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ദൈവാലയത്തിൽ വെച്ച് ശ്രേഷ്ഠ മോർ ബസ്സേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായിൽ നിന്ന് ‘തെയോഫിലോസ്’ എന്ന നാമത്തിൽ അദ്ദേഹം അഭിഷിക്തനായി. പുണ്യശ്ലോകരായ യാക്കൂബ് മോർ തീമോത്തിയോസ്, ഫിലിപ്പോസ് മോർ ഇവാനിയോസ് എന്നിവരും അദ്ദേഹത്തോടൊപ്പം അഭിഷിക്തരായി. അഖില മലങ്കര യൂത്ത് അസ്സോസിയേഷൻ പ്രസിഡന്റായി അഭിവന്ദ്യ പിതാവ് പ്രവർത്തിച്ചിട്ടുണ്ട്.
13 വർഷക്കാലം ബാഹ്യകേരള ഭദ്രാസനത്തെ ശ്രേഷ്‌ഠമായി നയിച്ച അഭിവന്ദ്യ പിതാവ് 1992 ജനുവരി 12 ന് കാലം ചെയ്‌തു. വെട്ടിക്കൽ ഉദയഗിരി മാർ അപ്രേം സെമിനാരി ചാപ്പലിലാണ് അഭിവന്ദ്യ പിതാവ് അന്ത്യ വിശ്രമം കൊള്ളുന്നത്.