പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ സീനിയർ മെത്രാപ്പോലീത്തയായ അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയ്ക്ക് ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അങ്കമാലി ഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത സ്ഥാനം നൽകി ആദരിച്ചു. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ No. EI. 02/2025-ാം നമ്പർ കല്പന പ്രകാരമാണ് ആദരവ്. ഇന്ന് അങ്കമാലി ഭദ്രാസനത്തിലെ ദൈവാലയങ്ങളിൽ പ്രസ്തുത കല്പന വായിച്ചു. 1982 മാർച്ച് 6 ന് കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കാലം ചെയ്ത പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയാണ് മോർ സേവേറിയോസ് എന്ന നാമത്തിൽ മെത്രാപ്പോലീത്തയായി വാഴിച്ചത്.
അങ്കമാലി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായിരുന്ന ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്‌തപ്പോൾ പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അനുമതിയോടെ പരിശുദ്ധ സഭയുടെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായ്ക്ക് സഭയുടെ 2002 ഭരണഘടന 141-ാം ചട്ടം അനുശാസിക്കുന്ന പ്രകാരം അങ്കമാലി ഭദ്രാസനത്തിന്റെ ചുമതല നൽകിയിരുന്നു.
അങ്കമാലി മേഖലയുടെ മെത്രാപ്പോലീത്തയായിരുന്ന അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്ത അനാരോഗ്യം നിമിത്തം ചുമതലകളിൽ നിന്നും രാജി സമർപ്പിക്കുകയും സഭയുടെ പ്രാദേശിക സുന്നഹദോസ് അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ രാജി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ 2024 ഡിസംബർ 8 ന് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അദ്ധ്യക്ഷതയിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന പരിശുദ്ധ സുന്നഹദോസ് അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തായ്ക്ക് അങ്കമാലി ഭദ്രാസനത്തിന്റെ വലിയ മെത്രാപ്പോലീത്ത സ്ഥാനം നൽകി ആദരിക്കുവാൻ തീരുമാനിച്ചിരുന്നു. അങ്കമാലി ഭദ്രാസനത്തിലെ ഭരണപരമായ ഏതെങ്കിലും കാര്യങ്ങൾ അഭിവന്ദ്യ മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്ത നിർവ്വഹിക്കേണ്ടുന്ന സാഹചര്യം ഉണ്ടായാൽ മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായുമായി കൂടി ആലോചനകൾ നടത്തേണ്ടതാണെന്ന് പരിശുദ്ധ ബാവ കല്പനയിൽ പരാമർശിക്കുന്നു.
ഇനിയൊരു കല്‌പന ഉണ്ടാകുന്നതുവരെ അങ്കമാലി ഭദ്രാസനത്തിലെ എല്ലാ ദൈവാലയങ്ങളിലും വി. കുർബ്ബാനയിൽ ഒന്നാം തുബ്‌ദേനിൽ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തായുടെ പേര് അങ്കമാലി ഭദ്രാസനത്തിന്റെ ചുമതലയുള്ള മെത്രാപ്പോലീത്ത എന്ന നിലയിൽ ഉൾപ്പെടുത്തി വായിക്കേണ്ടതും അതിനു ശേഷം മേഖല മെത്രാപ്പോലീത്തായുടെ പേരിനു മുമ്പ് അഭിവന്ദ്യ മോർ സേവേറിയോസ് എബ്രാഹാം മെത്രാപ്പോലീത്തായുടെ പേര് ‘ വലിയ മെത്രാപ്പോലീത്ത’ എന്ന് ചേർത്ത് വായിക്കേണ്ടതുമാണെന്നും പരിശുദ്ധ ബാവ കല്പിച്ചു.