നീറാംമുകൾ യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രധാനപ്പെരുന്നാളിന് കൊടിയേറി

കോലഞ്ചേരി ● കണ്ടനാട് ഭദ്രാസനത്തിലെ നീറാംമുകൾ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ 121-ാമത് പ്രധാനപ്പെരുന്നാളിന് (മകരം 15 പെരുന്നാൾ) കൊടിയേറി. വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മയും പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെയും പരിശുദ്ധ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപന സ്മരണയും സംയുക്തമായി ജനുവരി 26, 27, 28 (ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ കൊണ്ടാടും.

പ്രധാനപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ജനുവരി 19 ഞായർ വി. കുർബ്ബാനാനന്തരം വികാരി ഫാ. ഡോ. തോമസ് ബാബു കൊച്ചുപറമ്പിൽ കൊടി ഉയർത്തി. സഹവികാരി ഫാ. ജോയി പാറനാൽ, ട്രസ്റ്റിമാരായ കെ.എസ് പൗലോസ് കോനാട്ട്, റോയി സി. കുര്യാക്കോസ് ചേനക്കോട്ട്, സെക്രട്ടറി റെജി പോൾ കലിയത്തുകുഴിയിൽ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ഉൽപ്പന്ന ലേലം, വൈകിട്ട് സന്ധ്യാപ്രാർത്ഥന, 23-ാമത് കുടുംബ യൂണിറ്റ് സംഗമം, സൺഡേ സ്കൂൾ- ഭക്തസംഘടനകളുടെ സംയുക്ത വാർഷികം എന്നിവ നടത്തപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 7 മണിക്ക് വിശുദ്ധ കുർബ്ബാന നടന്നു.

ജനുവരി 26 ഞായറാഴ്ച പരിശുദ്ധ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിച്ചതിന്റെയും, പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെയും ഓർമ്മ ആചരിക്കും. രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥന, 8 മണിക്ക് വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, തിരുശേഷിപ്പ് വണക്കം, 9.30 ന് സ്ലീബാ എഴുന്നള്ളിപ്പ്, ആശിർവ്വാദം, നേർച്ച എന്നിവ നടക്കും.

വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥന, 7 മണിക്ക് രഥ വാഹനത്തിന്റെ അകമ്പടിയോടെ ദേശം ചുറ്റിയുള്ള പ്രദക്ഷിണം, 9 മണിക്ക് സൂത്താറ നമസ്ക്കാരം, 10 മണിക്ക് ആശിർവ്വാദം, 10.30 ന് നേർച്ചസദ്യ എന്നിവ നടത്തപ്പെടും.

വിശുദ്ധ ദൈവമാതാവിന്റെ ഓർമ്മപ്പെരുന്നാൾ ദിവസമായ ജനുവരി 27 തിങ്കളാഴ്ച രാവിലെ 6.45 ന് പ്രഭാത പ്രാർത്ഥന, 7.30 ന് വി. മൂന്നിന്മേൽ കുർബ്ബാന, വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥന, 7 മണിക്ക് രഥ വാഹനത്തിന്റെ അകമ്പടിയോടെ ദേശം ചുറ്റിയുള്ള പ്രദക്ഷിണം, 9 മണിക്ക് സൂത്താറ നമസ്ക്കാരം, 10 മണിക്ക് ആശിർവ്വാദം, 10.30 ന് നേർച്ചസദ്യ എന്നിവ നടക്കും.

പ്രധാനപ്പെരുന്നാൾ ദിനമായ ജനുവരി
28 ചൊവ്വാഴ്ച രാവിലെ 6 മണിക്ക് പ്രഭാത പ്രാർത്ഥന, 6.30 ന് വി. കുർബ്ബാന, 8.15 ന് ഡൽഹി, യു.എ.ഇ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാന, പ്രസംഗം എന്നിവ നടക്കും. തുടർന്ന് 10.30 ന് ലേലം, 11 ന് പ്രദക്ഷിണം, 11.30 ന് ആശിർവ്വാദം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.

പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.

  • Related Posts

    പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മലങ്കരയിൽ എത്തിച്ചേർന്നു; ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി

    പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു.…

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…