മലങ്കര സഭാ കേസ് സംബന്ധിച്ച ഇന്നത്തെ സുപ്രീം കോടതി വിധി ആശ്വാസകരം – യാക്കോബായ സുറിയാനി സഭ

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ബഹുഭൂരിപക്ഷം വിശ്വാസികളുള്ള ആറു പള്ളികൾ ന്യൂനപക്ഷമായ ഓർത്തഡോക്സ്‌ വിഭാഗത്തിന് സർക്കാർ ഏറ്റെടുത്ത് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദ് ചെയ്തത് യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ച് വലിയ ആശ്വാസമാണെന്ന് മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.

മത വിഭാഗങ്ങൾ തമ്മിലുളള തർക്കത്തിൽ ഹൈക്കോടതി നൽകുന്ന നിർദ്ദേശങ്ങൾ പൊതുതാത്പര്യത്തിന് യോജിച്ചതാണോ എന്ന് പരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ നിർദ്ദേശവും സഭയ്ക്ക് പ്രതീക്ഷ നൽകുന്നതാണ്.

പോലിസ് സേന സംവിധാനങ്ങൾ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ പള്ളികൾ ഏറ്റെടുക്കുന്നത് അഭികാമ്യമാണോ എന്ന് പരിശോധിക്കുവാനുള്ള സുപ്രീം കോടതിയുടെ ഉത്തരവ്, നാളിതു വരെയും പോലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ യാക്കോബായ സഭയുടെ പള്ളികൾ കൈയേറിയതിന് വിരാമമിടുവാനുള്ള മുന്നറിയിപ്പായിട്ടാണ് യാക്കോബായ സഭ ഇതിനെ നോക്കിക്കാണുന്നത്.

സർക്കാരിന്റെ സെമിത്തേരി ബിൽ ശരി വച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ പ്രത്യേക പരാമർശം മലങ്കര സഭാ തർക്കം നിയമ നിർമ്മാണത്തിലൂടെ ശാശ്വതമായി പരിഹരിക്കുവാൻ സർക്കാരിനുള്ളതായ സാധ്യതയും വർദ്ധിപ്പിക്കുന്നു. മലങ്കര സഭാ തർക്കം പ്രായോഗികമായി പരിഹരിക്കുവാൻ സർക്കാർ നടപടികളുമായി മുന്നോട്ട് പോകണമെന്നുള്ള സുപ്രീം കോടതിയുടെ പരാമർശം സെമിത്തേരി ബില്ലിലൂടെ മൃത സംസ്കാരം സംബന്ധിച്ച വിഷയങ്ങൾക്ക് പരിഹാരമുണ്ടാക്കിയതു പോലെ നിയമനിർമ്മാണത്തിലൂടെ മലങ്കര സഭാ തർക്കത്തിനും ശാശ്വത പരിഹാരമുണ്ടാക്കുവാനുള്ള സാധ്യതയായി സഭ ഇതിനെ കാണുന്നു.

മഴുവന്നൂർ പള്ളി സമർപ്പിച്ച എസ്.എൽ.പി. ഫയലിൽ സ്വീകരിച്ചതിലൂടെ 2017 ജൂലൈ 3 ൽ മൂന്നു പള്ളികൾക്ക് മാത്രം ബാധകമാകേണ്ട കോടതി വിധിയുടെ മറവിൽ യാക്കോബായ സഭയുടെ മറ്റു ദൈവാലയങ്ങൾ കൈയേറി കൊണ്ടിരിക്കുന്നതായ സ്ഥിതി വിശേഷം അവസാനിപ്പിക്കുവാനും ഓരോ പളളിയിലേയും കേസുകൾ വിശദമായി കേട്ട് വിധി കൽപ്പിക്കേണ്ടതായ സാഹചര്യവും ഇതിലൂടെ സംജാതമായിരിക്കുകയാണ് എന്നുള്ളത് സഭയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.

ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)

പുത്തൻകുരിശ്
പാത്രിയർക്കാ സെന്റർ

  • Related Posts

    പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മലങ്കരയിൽ എത്തിച്ചേർന്നു; ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി

    പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു.…

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…