മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മഞ്ഞിനിക്കര ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത, കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, ക്നാനായ സമുദായ മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നിവരുടെ കാർമികത്വത്തിൽ വി. മൂന്നിൻമേൽ കുർബ്ബാന അർപ്പിച്ചു.

തുടർന്ന് ഓർമ്മപ്പെരുന്നാളിനു തുടക്കം കുറിച്ച് അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത പാത്രിയർക്കാ പതാക ഉയർത്തി. ദയറായ്ക്ക് സമീപമുള്ള മോർ സ്തേഫാനോസ് പള്ളിയിൽ അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത കൊടിയേറ്റി. തുടർന്ന് ചെമ്പിൽ അരി ഇടീൽ ചടങ്ങ് പൂർത്തിയാക്കി. വൈകിട്ട് ഓമല്ലൂർ കുരിശിൻതൊട്ടിയിൽ ദയറാധിപൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത കൊടിയേറ്റി. പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ ഓർമ്മകളും പരിശുദ്ധ ബാവായോടുള്ള അപേക്ഷകളും മദ്ധ്യസ്ഥ പ്രാർത്ഥനകളുമായി ഇനിയുള്ള ദിവസങ്ങളിൽ മഞ്ഞിനിക്കരയിലേക്കു തീർഥാടകർ ഒഴുകി എത്തും.

കണ്ണൂർ ജില്ലയിലെ കേളകം, സുൽത്താൻ ബത്തേരി, മംഗലാപുരം, മീനങ്ങാടി, മുളന്തുരുത്തി, അങ്കമാലി തുടങ്ങിയ സ്ഥലത്തുനിന്ന് മഞ്ഞിനിക്കരയിലേക്കുള്ള തീർഥയാത്രകൾ ആരംഭിച്ചു. വിവിധ ഭാഗങ്ങളിൽനിന്നുള്ള കാൽനട തീർഥാടകർ 7 ന് മഞ്ഞിനിക്കരയിൽ എത്തും.

പെരുന്നാൾ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ 5 ന് പ്രഭാതനമസ്കാരം, 7.30 ന് വിശുദ്ധ കുർബ്ബാന, വൈകിട്ട് 5 ന് സന്ധ്യാനമസ്കാരം തുടർന്ന് ഗാനശുശ്രൂഷയും വചനപ്രഘോഷണവും നടക്കും. ഫെബ്രുവരി 3 തിങ്കളാഴ്ച വൈകിട്ട് 7 ന് തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ മെത്രാപ്പോലീത്ത കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഫാ. മാത്യൂസ് തോക്കുപാറ വചന പ്രഘോഷണം നടത്തി. ഫെബ്രുവരി 4 ചൊവ്വ രാവിലെ 9.30 ന് നടക്കുന്ന തുമ്പമൺ ഭദ്രാസന വനിതാ സമാജ ധ്യാനയോഗത്തിന് തൂത്തൂട്ടി ധ്യാനകേന്ദ്രം ഡയറക്ടർ അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. വൈകിട്ട് 7.30 ന് ഫാ. ബിജു പാറേക്കാട്ടിൽ വചന ശുശ്രൂഷ നടത്തും. ഫെബ്രുവരി 5 ബുധൻ വൈകിട്ട് 6 മണിക്ക് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ് നിർവ്വഹിക്കും. 7.30 ന് ഫാ. അഭിലാഷ് എബ്രഹാം വലിയവീട്ടിൽ വചന സന്ദേശം നൽകും.

പ്രധാന പെരുന്നാൾ ദിവസമായ ഫെബ്രുവരി 7 വെള്ളി രാവിലെ 5 ന് പ്രഭാത നമസ്കാരം, 7.30 ന് മലങ്കര മെത്രാപ്പോലീത്തായും നിയുക്ത കാതോലിക്കായുമായ അഭിവന്ദ്യ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിലും ജെറുസലേം ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീമോത്തിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, മലബാർ ഭദ്രാസനാധിപൻ മോർ സ്തേഫാനോസ് ഗീവർഗീസ് മെത്രാപ്പോലീത്ത എന്നിവരുടെ സഹകാർമികത്വത്തിലും വി. മൂന്നിന്മേൽ കുർബ്ബാന അർപ്പിക്കപ്പെടും.

വൈകിട്ട് 3 മണിക്ക് കാൽനട തീർത്ഥാടകർക്ക് ഓമല്ലൂർ കുരിശടിയിൽ മോർ സ്തോഫാനോസ് പള്ളിയുടെയും സമീപപ്രദേശങ്ങളിലെ പള്ളികളുടെയും ദയറായുടെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകും. തുടർന്ന് 4 മണിക്ക് തീർത്ഥാടകർക്ക് ദയറായിൽ സ്വീകരണം നൽകും. 5 മണിക്ക് മലങ്കര മെത്രാപ്പോലീത്തയുടെയും പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്തയുടെയും സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തിൽ സന്ധ്യാനമസ്കാരം നടക്കും. ശേഷം തീർത്ഥാടക സംഗമത്തിന് മലങ്കര മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, പത്തനംതിട്ട എം.പി ആന്റോ ആന്റണി, പത്തനംതിട്ട കളക്ടർ പ്രേം കൃഷ്ണൻ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി രാജപ്പൻ തുടങ്ങി രാഷ്ട്രീയ, സമുദായിക രംഗത്തെ പ്രമുഖരും സഭാ ഭാരവാഹികളായ ഫാ. റോയി ജോർജ്ജ് കട്ടച്ചിറ, തമ്പു ജോർജ് തുകലൻ, ജേക്കബ് സി. മാത്യു എന്നിവരും യോഗത്തിൽ സംബന്ധിക്കും. സെന്റ് ഏലിയാസ് സ്വർണ്ണമെഡൽ ദാനവും അവാർഡ് ദാനവും ചടങ്ങിൽ നിർവ്വഹിക്കും.

പ്രധാന പെരുന്നാൾ ദിനമായ ഫെബ്രുവരി 8 ശനി രാവിലെ 3 മണിക്ക് മോർ സ്തേഫാനോസ് പള്ളിയിൽ നടക്കുന്ന വി. കുർബ്ബാനയ്ക്ക് അഭിവന്ദ്യ മോർ മിലിത്തിയോസ് യൂഹാനോൻ കാർമികത്വം വഹിക്കും. തുടർന്ന് 5.15 ന് പ്രഭാത പ്രാർത്ഥന നടക്കും. 5.45 ന് ദയറായിൽ നടക്കുന്ന വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് പരി. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനായിരിക്കുന്ന അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും ക്നാനായ സമുദായം റാന്നി മേഖലാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത, ഇടുക്കി ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ പീലക്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്ത എന്നിവർ സഹകർമികത്വവും വഹിക്കും. തുടർന്ന് 8 മണിക്ക് നടക്കുന്ന വിശുദ്ധ കുർബ്ബാനയ്ക്ക് പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പരിശുദ്ധ ബാവയുടെ കബറിങ്കൽ ധൂപ പ്രാർത്ഥന നടക്കും. തുടർന്ന് പ്രദക്ഷിണത്തോടെ പെരുന്നാൾ സമാപിക്കും.

പെരുന്നാൾ ശുശ്രൂഷകൾക്കു വേണ്ടിയുള്ള ക്രമീകരണങ്ങൾക്കായി വിപുലമായ കമ്മിറ്റികൾ സർക്കാരിന്റെയും ദയറായുടെയും നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. പെരുന്നാൾ ചടങ്ങുകൾക്ക് ചെയർമാൻ അഭിവന്ദ്യ മോർ അത്താനാസിയോസ് ഗീവർഗീസ് മെത്രാപ്പോലീത്ത, ജനറൽ കൺവീനർ കമാണ്ടർ റ്റി.യു. കുരുവിള, വൈസ്‌ചെയർമാൻ വന്ദ്യ റ്റി.സി. എബ്രഹാം കോറെപ്പിസ്കോപ്പ തേക്കാട്ടിൽ, കൺവീനർ വന്ദ്യ ജേക്കബ് തോമസ് കോറെപ്പിസ്കോപ്പ മാടപ്പാട്ട്, പബ്ലിസിറ്റി കൺവീനർ ബിനു വാഴമുട്ടം തുടങ്ങിയവർ നേതൃത്വം നൽകും.

  • Related Posts

    അഖില മലങ്കര ആരാധന ഗീത മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ ഫെബ്രുവരി 16 ന്

    പെരുമ്പള്ളി ● ‘മലങ്കരയുടെ മണിനാദം’ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാൾ സിൽവർ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് തിരുമേനി രചിച്ച ഗാനങ്ങളുടെ ശ്രുതി മധുരമായ ആലാപന മത്സരം ‘ഇടയ സങ്കീർത്തനങ്ങൾ’ അഖില മലങ്കര തലത്തിൽ ഫെബ്രുവരി 16 ഞായറാഴ്ച…

    മണീട് പള്ളിപ്പെരുന്നാളിന് തുടക്കമായി

    മണീട് ● ‘രണ്ടാം മഞ്ഞിനിക്കര’ എന്നറിയപ്പെടുന്ന കണ്ടനാട് ഭദ്രാസനത്തിലെ മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ പ്രധാനപ്പെരുന്നാൾ, പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാമത് ഓർമ്മപ്പെരുന്നാൾ ആരംഭിച്ചു. ഓർമ്മപ്പെരുന്നാളിന് തുടക്കം കുറിച്ചു കൊണ്ട് ഫെബ്രുവരി 2 ഞായർ നടന്ന…