ഭക്തി നിർഭരമായി മഞ്ഞിനിക്കര തീർത്ഥയാത്ര; പ്രാർത്ഥനാ മന്ത്രങ്ങളുമായി ആയിരങ്ങൾ

കോട്ടയം ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് മഞ്ഞിനിക്കര തീർഥയാത്രയ്ക്ക് വിവിധ മേഖലകളിൽ നിന്ന് ഭക്തിനിർഭരമായ തുടക്കം. വിവിധ പള്ളികളിൽ നിന്ന് മേഖലാടിസ്ഥാനത്തിൽ ‘പരിശുദ്ധ മോറാനേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ’ എന്ന പ്രാർത്ഥനയുമായി നിരവധി വിശ്വാസികളാണ് ഭക്ത്യാദരവോടെ തീർത്ഥയാത്രയിൽ പങ്കെടുക്കുന്നത്. തീർത്ഥാടകർക്ക് വിവിധ പള്ളികളിലും കൃത്യമായ ഇടങ്ങളിലും വിശ്രമ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. സ്നേഹനിർഭരമായ സ്വീകരണങ്ങളാണ് എല്ലായിടത്തും തീർത്ഥാടകർക്ക് ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

‘രണ്ടാം മഞ്ഞിനിക്കര’ എന്നറിയപ്പെടുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചിട്ടുള്ള മണീട് സെന്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നിന്ന് കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ ആശിർവാദത്തോടെ തീർത്ഥയാത്ര ആരംഭിച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്ന് നേരത്തെ കാൽനടയായി തീർഥാടകർ പള്ളിയിൽ എത്തിച്ചേർന്നിരുന്നു.

പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ കബറിടത്തിലും വിവിധയിടങ്ങളിൽ നിന്ന് തീർത്ഥാടക സംഘം എത്തിയിരുന്നു. വിവിധ മേഖലകളിൽ നിന്നും പള്ളികളിൽ നിന്നും തുടരുന്ന മഞ്ഞിനിക്കര കാൽനട തീർത്ഥയാത്ര വിവിധയിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ഫെബ്രുവരി 7 വെള്ളി വൈകിട്ട് 3 മണിക്ക് ഓമല്ലൂർ കുരിശടിയിൽ എത്തിച്ചേരും. മോർ സ്തോഫാനോസ് പള്ളിയുടെയും സമീപപ്രദേശങ്ങളിലെ പള്ളികളുടെയും ദയറായുടെയും ആഭിമുഖ്യത്തിൽ തീർത്ഥയാത്രയ്ക്ക് വമ്പിച്ച സ്വീകരണം നൽകും.

  • Related Posts

    പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി മലങ്കരയിൽ എത്തിച്ചേർന്നു; ശ്രേഷ്ഠ ബാവായുടെ കബറിങ്കൽ പ്രാർത്ഥന നടത്തി

    പുത്തൻകുരിശ് ● മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് മുഖ്യ കാർമികത്വം വഹിക്കുവാൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രതിനിധി അഭിവന്ദ്യ മോർ സേവേറിയോസ് റോജർ അക്രാസ് മെത്രാപ്പോലീത്ത മലങ്കരയിൽ എത്തിച്ചേർന്നു.…

    മഞ്ഞിനിക്കര പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; പ്രാർത്ഥനാ നിറവിൽ തീർത്ഥാടന വീഥികൾ

    ഓമല്ലൂർ ● സമാധാനത്തിന്റെ സന്ദേശവുമായി മലങ്കരയിലെത്തി മഞ്ഞിനിക്കര ദയറായിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനാധിപതിയായിരുന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 93-ാം ഓർമ്മപ്പെരുന്നാളിന് ഭക്തിനിർഭരമായ തുടക്കം. പെരുന്നാൾ ശുശ്രൂഷകൾക്ക് ആരംഭം കുറിച്ചുകൊണ്ട് മഞ്ഞിനിക്കര ദയറായിൽ നടന്ന…